മുംബൈ: മലയാളിയും ചലച്ചിത്ര താരവുമായ പ്രിയ പ്രകാശ് വാര്യരെ പുകഴ്ത്തി ബോളിവുഡ് താരവും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്. പ്രിയ വാര്യര്‍ ഭാവിയില്‍ ഒരു സൂപ്പര്‍താരമാകുമെന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞത്. ഒരു അഭിമുഖത്തില്‍ റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് ശത്രുഘ്‌നന്‍ സിന്‍ഹ പ്രിയയെക്കുറിച്ച് സംസാരിച്ചത്.
റാപ്പിഡ് ഫയര്‍ റൗണ്ടില്‍ ഒരു കണ്ണുചിമ്മല്‍ ആരെയെങ്കിലും സൂപ്പര്‍താരമാക്കുമോ എന്ന ചോദ്യത്തിനാണ് അദ്ദേഹം പ്രിയയെ പുകഴ്ത്തി മറുപടി നല്‍കിയത്. 'എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ. പ്രിയ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി ഒരിക്കല്‍ അറിയപ്പെടും. വളരെ പെട്ടന്ന് തന്നെ പ്രിയ ആ നേട്ടത്തിലേക്ക് കുതിക്കും. അതുവരെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കൂ' എന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞത്.
മലയാള ചിത്രമായ ഒരു അഡാര്‍ ലവിലൂടെയാണ് പ്രിയ ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ ബോളിവുഡ് ചിത്രത്തില്‍ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ശ്രീദേവി ബംഗ്ലാവാണ് പ്രിയ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. ഒരു സിനിമാ നടിയുടെ വേഷത്തിലാണ് പ്രിയ ചിത്രത്തില്‍ അഭിനയിക്കുന്നത്. ശ്രീദേവി ബംഗ്ലാവിനെ ചുറ്റിപ്പറ്റി വിവാദങ്ങളും എത്തിയിട്ടുണ്ട്. അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണിതെന്ന പ്രചരണത്തെ തുടര്‍ന്ന് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ ചിത്രത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.