Sorry, you need to enable JavaScript to visit this website.

ലോക് സഭാതെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളില്‍; കേരളത്തില്‍ ഏപ്രില്‍ 23ന്, ഫലം മേയ് 23ന്

ന്യൂദല്‍ഹി- പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചു. ആദ്യ ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 11-ന്. കേരളത്തില്‍ ഏപ്രില്‍ 23ന്. ഫലം മേയ് 23-ന് പ്രഖ്യാപിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ചട്ടലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. പെരുമാറ്റ ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച് വോട്ടര്‍മാര്‍ക്ക് കമ്മീഷനു നേരിട്ടു പരാതി നല്‍കാനായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും തെരഞ്ഞെടുപ്പു ചെലവുകളില്‍ ഉള്‍പ്പെടുത്തും. സ്ഥാനാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയാ വിവരങ്ങളും സമര്‍പ്പിക്കണം.

ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിനുള്ള എല്ലാ മുന്നൊരുക്കങ്ങളും തെരഞ്ഞെടുപ്പു കമ്മീഷന്‍ പൂര്‍ത്തിയാക്കി. രാജ്യ വ്യാപകമായി തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കും വിവിപാറ്റ് യന്ത്രങ്ങള്‍ക്കും അതീവ സുരക്ഷയൊരുക്കും. സുരക്ഷയ്ക്കായി സിആര്‍പിഎഫ് അടക്കമുള്ള കേന്ദ്ര സേനകളെ വിന്യസിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാ പ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും.
 

Latest News