ന്യൂദല്‍ഹി- പാക്കിസ്ഥാനിലെ ജെയ്‌ശെ മുഹമ്മദ് ക്യാമ്പില്‍ നടത്തിയ ആക്രമണത്തിലൂടെ ഉദ്ദേശിച്ച ലക്ഷ്യം നേടിയതായി വിദേശമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അവകാശപ്പെട്ടു. അതിര്‍ത്തി ഭേദിച്ച് ആക്രമണം നടത്തുന്ന ഭീകരര്‍ക്കെതിരെ നിര്‍ണായക നടപടി സ്വീകരിക്കാന്‍ രാജ്യത്തിന് സാധിക്കുമെന്ന് ഇതിലൂടെ തെളിയിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന വിദേശമന്ത്രലായ വക്താവ്.
പാക്കിസ്ഥാന്‍ വ്യോമസേനയുടെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിടാന്‍ ഇന്ത്യയുടെ മിഗ് 21 ബൈസണ്‍ പോര്‍വിമാനം പറത്തിയ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് സാധിച്ചുവെന്നും ഇതിന് ദൃക്‌സാക്ഷികളും ഇലക്ട്രോണിക് തെളിവുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവ സ്ഥലത്തുനിന്ന് ലഭിച്ച പാക്കിസ്ഥാന്‍ വ്യോമസേനയുടെ എഫ്-16 മാത്രം വഹിക്കുന്ന അംറാം മിസൈലിന്റെ ഭാഗങ്ങള്‍ക്കുള്ള തെളിവുകള്‍ ഇതിനകം ഇന്ത്യ കൈമാറിയിട്ടുണ്ടെന്നും രവീഷ് കുമാര്‍ പറഞ്ഞു. നമ്മുടെ സൈനികേതര ഭീകര വിരുദ്ധ നടപടി ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചു. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിന് പാക്കിസ്ഥാന്‍ നടത്തിയ ശ്രമങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യക്ക് ഒരു വിമാനം മാത്രമാണ് നഷ്ടമായത്. രണ്ടാമത്തെ വിമാനം തകര്‍ത്തുവെന്ന് പാക്കിസ്ഥാന്‍ വാദിക്കുന്നുണ്ടെങ്കില്‍ എന്തു കൊണ്ട് അവര്‍ അതിന്റെ തെളിവുകള്‍ പങ്കുവെക്കുന്നില്ല. പുല്‍വാമ ഭീകരാക്രമണത്തിനുശേഷം അന്താരാഷ്ട്ര സമൂഹം ഇന്ത്യയോടൊപ്പമാണ് നിലകൊള്ളുന്നതെന്നും വിദേശ കാര്യ വക്താവ് അവകാശപ്പെട്ടു. പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ശെ മുഹമ്മദ് സ്വയം ഏറ്റെടുത്തിരിക്കെ, പാക്കിസ്ഥാന്‍ അതു നിഷേധിച്ചുകൊണ്ടിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. പാക്കിസ്ഥാന്‍ ആസ്ഥാനമായ ഭീകര സംഘടനകള്‍ അവരുടെ പ്രവര്‍ത്തനം യാതൊരു തടസ്സവുമില്ലാതെ മുന്നോട്ടു കൊണ്ടുപോകുകയാണെന്നും രവീഷ് കുമാര്‍ പറഞ്ഞു. തങ്ങളുടെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര ഗ്രൂപ്പുകള്‍ക്കെതിരെ വിശ്വസനീയ നടപടികള്‍ സ്വീകരിച്ചതായി പാക്കിസ്ഥാന്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കണം- അദ്ദേഹം പറഞ്ഞു.