Sorry, you need to enable JavaScript to visit this website.

സ്ത്രീകളുടെ ബഹിരാകാശ നടത്തത്തിന് ഒരുങ്ങി  നാസ 

ന്യൂയോര്‍ക്ക്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ചരിത്രം എഴുതാനൊരുങ്ങി നാസയുടെ വനിതാ ബഹിരാകാശ ശാസ്ത്രജ്ഞര്‍.  ഈ മാസം 29ന് സ്ത്രീകളാല്‍ നിയന്ത്രിച്ച് സ്ത്രീകള്‍ തന്നെ നടത്തുന്ന ബഹിരാകാശ നടത്തത്തിന് ഒരുങ്ങുകയാണ് നാസ. വനിതകള്‍ മാത്രം നടത്തുന്ന ബഹിരാകാശ നടത്തം അഥവാ സ്‌പെയ്‌സ് വാക്ക് ചരിത്രത്തിലാദ്യമാണ്.
വനിതാ ശാസ്ത്രജ്ഞരായ ആന്‍ മക്ലെയ്‌നും ക്രിസ്റ്റിന കോച്ചുമാണ് സ്‌പെയ്‌സ് വാക്കിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. കനേഡിയന്‍ സ്‌പേയ്‌സ് ഏജന്‍സി കന്‍ട്രോളറായ ക്രിസ്റ്റിന്‍ ഫാക്കോള്‍ ഭൂമിയിലിരുന്നു ഏകോപനം നടത്തും. 
മേരി ലോറന്‍സ്, ജാകി കാകെ എന്നീ വനിതാ ശാസ്ത്രജ്ഞരാണ് ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്‌റ്റേഷനില്‍ നിയന്ത്രണം ഏറ്റെടുക്കുക. 
ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്‌റ്റേഷന് പുറത്തിറങ്ങി ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്ത് കൂടിയുള്ള ഒഴുകി നടത്തമാണ് സ്‌പെയ്‌സ് വാക്ക്. 
ബഹിരാകാശത്തിന്റെ സ്വഭാവ സവിശേഷതകള്‍ പഠിക്കാനും ഭൗതികമാറ്റങ്ങള്‍ എങ്ങനെ ബഹിരാകാശത്ത് പ്രതിഫലിക്കുന്നു എന്ന് മനസിലാക്കാനും സ്‌പെയിസ് വാക്ക് ഉപകരിക്കും.
സാറ്റലൈറ്റുകള്‍ ഭൂമിയിലെത്തിക്കാതെ ബഹിരാകാശത്ത് വെച്ച് അറ്റകുറ്റ പണികള്‍ നടത്താനും സ്‌പെയ്‌സ് വാക്ക് സഹായിക്കും. സ്‌പെയ്‌സ് വാക്ക് നടത്തുന്നവര്‍ ഒരു റോപ്പ് വഴി പേടകവുമായി ഘടിപ്പിക്കപ്പെട്ടിരിക്കും. ഓക്‌സിജനും വെള്ളവും കൂടെ കരുതിയായിരിക്കും നടത്തം.അങ്ങേയറ്റം അപകടകരവും സാഹസികത നിറഞ്ഞതുമായ ഈ നടത്തം സ്ത്രീകളുടെ മാത്രം പ്രയത്‌നത്തില്‍ നടത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 

Latest News