Sorry, you need to enable JavaScript to visit this website.

യുപിയില്‍ കശ്മീരി പഴക്കച്ചവടക്കാരെ ഹിന്ദുത്വ ഗുണ്ടകള്‍ തെരുവില്‍ മര്‍ദിച്ചു- Video

ലഖ്‌നൗ- ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ തെരുവില്‍ പഴക്കച്ചവടം നടത്തി ഉപജീവനം കണ്ടെത്തുന്ന രണ്ട് കശ്മീരി യുവാക്കളെ ഒരു സംഘം ഹിന്ദുത്വ തീവ്രവാദികള്‍ ആക്രമിച്ചു. ആക്രമികളിലൊരാള്‍ സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ രാജ്യത്തുടനീളം കശ്മീരികള്‍ക്കെതിരെ ആക്രമണവും സാമൂഹി ബഹിഷ്‌ക്കരണവും നടക്കുന്നതായുള്ള റിപോര്‍ട്ടുകള്‍ക്കിടെയാണ് ഈ സംഭവം. ലഖനൗവിലെ ദാലിഗഞ്ചില്‍ ബുധനാഴ്ച വൈകുന്നേരമാണ് രണ്ടു കശ്മീരികള്‍ ആക്രമിക്കപ്പെട്ടത്. 

റോഡരികില്‍ ഷീറ്റു വിരിച്ച് ഡ്രൈ ഫ്രൂട്ട്‌സ് വില്‍ക്കുകയായിരുന്ന രണ്ടു കശ്മീരികള്‍ക്കുനേരെ കാവി വേഷത്തില്‍ വടികളുമായി എത്തിയ ഹിന്ദുത്വ ഗുണ്ടകളാണ് ആക്രമണമഴിച്ചു വിട്ടത്. മര്‍ദനത്തിനിരയായ കശ്മീരി യുവാക്കള്‍ ഷീറ്റെടുത്ത് പോകാന്‍ ഒരുങ്ങിയെങ്കിലും വിട്ടില്ല. പിടികൂടി ചോദ്യം ചെയ്യുകയും രേഖകള്‍ പരിശോധിക്കുന്നതും വിഡിയോയില്‍ കാണാം. ഇവര്‍ മര്‍ദിക്കപ്പെടുന്നത് കണ്ട ഏതാനും പേര്‍ എത്തി ആക്രമികളെ തടയുകയും നിയമം കയ്യിലെടുക്കരുതെന്ന് ഓര്‍മ്മിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വര്‍ഷങ്ങളായി ലഖനൗവില്‍ ഡ്രൈ ഫ്രൂട്ടസ് വില്‍പ്പന നടത്തുന്നവരാണ് മര്‍ദനത്തിനിരയായ കശ്മരീകള്‍. 

സംഭവത്തില്‍ പോലീസ് കേസെടുത്തു. പ്രതികള്‍ക്കെതിരെ കലാപക്കുറ്റം ചുമത്തി. പ്രതികളില്‍ ഒരാളായ ബജ്‌റംഗ് സോന്‍കറിനെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. വിശ്വ ഹിന്ദു ദള്‍ എന്ന തീവ്രവാദ ഹിന്ദുത്വ സംഘടനയുടെ പ്രസിഡന്റ് ഹിമാന്‍ഷു അശ്വതി എന്നയാളാണ് മറ്റൊരു പ്രതി. കശ്മരീകളെ ആക്രമിച്ചത് തങ്ങളാണെന്നു വ്യക്തമാക്കി വിഡിയോ സഹിതം ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കേസായതോടെ ഈ വിഡിയോ പിന്നീട് നീക്കം ചെയ്തു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മറുപടി പറയണെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു. 

Latest News