ന്യൂദല്‍ഹി: കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി പ്രയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലി അഹമ്മദാബാദില്‍. മാര്‍ച്ച് 12 നായിരിക്കും പ്രഥമ തിരഞ്ഞെടുപ്പ് റാലി നടക്കുക.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി മാര്‍ച്ച് 12ന് അഹമ്മദാബാദില്‍ ചേരും. ഗാന്ധി ആശ്രമത്തിലെത്തി പ്രാര്‍ത്ഥന നടത്തിയതിന് ശേഷമായിരിക്കും നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള എഐസിസി യോഗം ചേരുന്നത്. രാഹുലും പ്രിയങ്കയും സോണിയയും യോഗത്തിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
യോഗത്തിന് ശേഷമായിരിക്കും റാലി നടക്കുക. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം പ്രിയങ്കയും സോണിയ ഗാന്ധിയും അന്ന് നടക്കുന്ന റാലിയില്‍ അണികളെ സംബോധന ചെയ്യും. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായി പ്രിയങ്ക അണികളെ അഭിസംബോധന ചെയ്യുന്ന തിരഞ്ഞെടുപ്പ് റാലിയായിരിക്കും ഇത്.
മൂന്ന് ദശാബ്ദത്തിലേറെയായി കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് അകന്നുനില്ക്കുന്ന സംസ്ഥാനമായ ഗുജറാത്തില്‍ പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് റാലി രാഷ്ട്രീയ നിരീക്ഷകര്‍ സൂക്ഷമതയോടെയാണ് വീക്ഷിക്കുന്നത്. ഫെബ്രുവരി 28ന് നിശ്ചയിച്ചിരുന്ന റാലിയും കോണ്‍ഗ്രസ് മീറ്റി0ഗും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു.