ബാബരി കേസില്‍ മധ്യസ്ഥരെ നിര്‍ദേശിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു; തീരുമാനം പിന്നീട്

ന്യൂദല്‍ഹി- അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ് കോടതിയുടെ മേല്‍നോട്ടത്തില്‍ മധ്യസ്ഥര്‍ക്ക് വിടണമെന്ന ആവശ്യം സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. മധ്യസ്ഥന്റെയോ മധ്യസ്ഥ പാനലിന്റെയോ പേരുകള്‍ നിര്‍ദേശിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ബന്ധപ്പെട്ട കക്ഷികളോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തര്‍ക്കത്തിന് മധ്യസ്ഥരിലുടെ ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം.
മാധ്യസ്ഥത്തിനും ഒത്തുതീര്‍പ്പിനും മുസ്്‌ലിം പരാതിക്കാര്‍ തയാറണെന്നും എന്നാല്‍ മാധ്യസ്ഥത്തിനുള്ള രൂപരേഖ സുപ്രീം കോടതി തന്നെ തയാറക്കണമെന്നും അഭിഭാഷകന്‍ രാജീവ് ധവാന്‍ ബോധിപ്പിച്ചു.
അയോധ്യ കേസില്‍ ഭരണഘടനാ ബെഞ്ചിലെ ജഡ്ജി എസ്.എ ബോബ്‌ഡെ ഇന്ന് സുപ്രാധന നിരീക്ഷണമാണ് നടത്തിയത്. കഴിഞ്ഞ കാലത്ത് നടന്ന സംഭവങ്ങളില്‍ നമുക്ക് യാതൊരു നിയന്ത്രണവുമില്ല. ആരാണ് അധിനിവേശം നടത്തിയത്, ആരായിരുന്നു രാജാവ്, ക്ഷേത്രമായിരുന്ന പള്ളിയായിരുന്നോ? പക്ഷേ ഇപ്പോഴത്തെ തര്‍ക്കം നമുക്ക് അറിയാം. ഈ തര്‍ക്കം പരിഹരിക്കുന്നതിനു മാത്രമണ് ഞങ്ങളുടെ ശ്രമം- ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. മതവും വിശ്വാസവും വൈകാരികതയും ഉള്‍പ്പെട്ടതിനാല്‍ തര്‍ക്കത്തിന്റെ ആഴത്തെ കുറിച്ച് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest News