ന്യൂദല്‍ഹി- പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന ജെയ്‌ശെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെതിരായ തെളിവുകള്‍ ഇന്ത്യ യു.എന്‍ രക്ഷാസമതി അംഗങ്ങള്‍ക്ക് കൈമാറി. അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം രക്ഷാ സമിതിയില്‍ വരാനിരിക്കെയാണ് ഇന്ത്യയുടെ നടപടി. ഇതു സംബന്ധിച്ച് പ്രമേയത്തിന്മേല്‍ വിശദീകരണത്തിന് മാര്‍ച്ച് 13 വരെ അംഗരാജ്യങ്ങള്‍ക്ക് അവസരമുണ്ട്.
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് മസൂദ് അസ്്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഫ്രാന്‍സ്, അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ രക്ഷാ സമിതിയില്‍ അവതരിപ്പിച്ചത്. ചൈനയുള്‍പ്പടെ രക്ഷാ സമിതിയിലെ അംഗങ്ങള്‍ക്കാണ് ഇന്ത്യ മസൂദ് അസ്ഹറിനെതിരായ തെളിവുകള്‍ കൈമാറിയത്. നേരത്തെ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാക്കണമെന്ന പ്രമേയത്തെ ചൈന എതിര്‍ത്തിരുന്നു. പുതിയ തെളിവുകള്‍ ഉപയോഗിച്ച് ചൈനയുടെ എതിര്‍പ്പിനെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.
അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ നല്‍കിയ തെളിവുകളടക്കം ഇക്കൂട്ടത്തിലുണ്ട്. ജമ്മു-കശ്മീരിലെ തീവ്രവാദികള്‍ പാക്കിസ്ഥാനിലെ ജെയ്‌ശെ മുഹമ്മദ് ഭീകരരുമായി നടത്തുന്ന ടെലിഫോണ്‍ സംഭാഷണങ്ങളും നല്‍കിയിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ രക്ഷാ സമിതി ഇന്ത്യക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് കരതുന്നത്.