ന്യൂദല്‍ഹി: യോഗാ ഗുരു ബാബാ രാം ദേവിനെതിരായ വീഡിയോകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ ഭീമന് ഫേസ്ബുക്കിന് നിര്‍ദേശം. ഡല്‍ഹി ഹൈക്കോടതിയാണ് രാം ദേവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോകള്‍ ഫേസ്ബുക്കില്‍ നിന്നും ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. ഗൂഗിള്‍, യൂട്യൂബ് എന്നീ വീഡിയോ പ്ലാറ്റ്ഫോമുകളില്‍ നിന്നും വീഡിയോയുടെ ലിങ്കുകള്‍ ഇതിനോടകം തന്നെ നീക്കം ചെയ്തതായും കോടതി ചൂണ്ടിക്കാട്ടി. ബാബാ രാം ദേവിനും പതഞ്ജലിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളും ഭീഷണിയുമാണ് അജ്ഞാതനായ വ്യക്തി വീഡിയോയിലൂടെ നടത്തിയതെന്ന് കോടതി വീഡിയോ പരിശോധനയില്‍ കണ്ടെത്തി. ഗൂഗിള്‍, യൂട്യൂബ് എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് വീഡിയോയില്‍ വ്യക്തമാണ്. നിയമലംഘനത്തിന്റെ എല്ലാ അതിരുകളും ലംഘിച്ച വീഡിയോയാണതെന്നും കേസ് പരിഗണിക്കവെ ജസ്റ്റിസ് പ്രതിഭ എം സിംഗ് പറഞ്ഞു. ഗൂഗിള്‍, യുട്യൂബ് എന്നിവരുടെ സ്റ്റാറ്റസ് നോക്കിയാല്‍, വീഡിയോ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ ഡൊമെയ്നില്‍ മാത്രമല്ല അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളില്‍ നിന്നും ആളുകള്‍ കണ്ടിട്ടുണ്ട്. വീഡിയോയിലേക്കുള്ള ലിങ്കുകള്‍ ഇനി അവരുടെ പ്ലാറ്റ്ഫോമില്‍ ലഭ്യമാകില്ലെന്ന് ഉറപ്പാക്കണമെന്നും ഫേസ്ബുക്കിന് നിര്‍ദേശമുണ്ട്. ബാബാ രാം ദേവിനെയും പതഞ്ജലിയെയും അപകീര്‍ത്തിപ്പെടുത്തി അജ്ഞാതനായ ഒരാള്‍ അപ്ലോഡ് ചെയ്തിട്ടുള്ള ഒരു വീഡിയോയ്ക്കെതിരായി നല്കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.