ജനപ്രിയ ഓഫ്‌റോഡര്‍ മാരുതി ജിപ്‌സി യുഗം അവസാനിച്ചു. ജിപ്‌സി വില്‍പ്പന നിര്‍ത്താന്‍ മാരുതി സുസുക്കി രാജ്യത്തെ എല്ലാ ഡീലര്‍മാര്‍ക്കും ഔദ്യോഗിക അറിയിപ്പു നല്‍കി. ഇനി ബുക്കിങ് സ്വീകരിക്കേണ്ടെന്നാണ് ഷോറൂമുകളെ കമ്പനി അറിയിച്ചത്. രണ്ടു ഡോറുകള്‍ മാത്രമുള്ള ഈ എസ്.യു.വി 1985-ലാണ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടെ രാജ്യത്ത് ദീര്‍ഘകാലം ഉല്‍പ്പാദനം തുടര്‍ന്ന ചുരുക്കും ചില മോഡലുകളിലൊന്നാണിത്. പ്രധാനമായും ഓര്‍ഡറുകള്‍ക്കനുസരിച്ചായിരുന്നു മാരുതി ജിപ്‌സിയുടെ ലഭ്യത. ഏറെ കാലം ഇങ്ങനെ തന്നെയായിരുന്നു. വിദേശങ്ങളില്‍ സുസുക്കി ജിംനി എന്നറിയപ്പെടുന്ന മാരുതി സുസുക്കി ജിപ്‌സിയുടെ രണ്ടാം തലമുറയാണ് 33 വര്‍ഷം മുമ്പ് ഇന്ത്യയില്‍ ആദ്യമെത്തിയത്. അന്നു മുതല്‍ ഇന്നുവരെ രൂപത്തിലോ ഘടനയിലോ ഒരു മാറ്റവുമില്ലാതെ തുടര്‍ന്നു പോന്നു. 1998ല്‍ രാജ്യാന്തര വിപണിയില്‍ മുന്നാം തലമുറ ജിംനി അവതരിപ്പിക്കപ്പെട്ടെങ്കിലും ഇന്ത്യയിലെ ജിപ്‌സി മാറിയില്ല. കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും പുതിയ മോഡല്‍ വിദേശത്ത് അവതരിപ്പിക്കപ്പെട്ടത്.
ഇന്ത്യയില്‍ ജിപ്‌സി അവസാനിപ്പാക്കാന്‍ പ്രധാനമായും കാരണമായത്് പുതിയ വാഹന സുരക്ഷാ ചട്ടങ്ങളാണ്. 80കളിലെ ഒറിജിനല്‍ ഡിസൈന്‍ ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റ് ചട്ടങ്ങള്‍ പാലിക്കുന്നില്ല. മാത്രവുമല്ല വരാനിരിക്കുന്ന BS6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും ജിപ്‌സി പാലിക്കുന്നില്ല. ഇതോടെ ജിപ്‌സി ഓര്‍മയാകുകയാണ്. സാധാരണക്കാര്‍ക്കു പുറമെ സൈന്യത്തിനും പോലീസിനും ഏറെ പ്രിയപ്പെട്ട വാഹനമാണ് ജിപ്‌സി. ഒരു പക്ഷെ ഇപ്പോഴും ഏറ്റവും കുടുതല്‍ ജിപ്‌സി ഉപയോഗിക്കുന്നത് സൈന്യവും പോലീസും ആയിരിക്കും.
ഓഫ്‌റോഡിങ് ശേഷിയും കരുത്തും ഒതുക്കവും തന്നെ കാരണം. ലാഡര്‍ ഓണ്‍ ഫ്രെയ്ം ഷാസിയും റിയര്‍ വീല്‍ ഡ്രൈവും ജിപ്‌സിയുടെ സവിശേഷതകളാണ്. പുതിയ പലരും ഈ ഇടം കയ്യടക്കാന്‍ വന്നെങ്കിലും ജിപ്‌സിയുടെ മേല്‍ക്കൈ നഷ്ടമായിരുന്നില്ല. കുന്നും മലയും കയറുന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുള്ള വകഭേദത്തിലും മാരുതി ജിപ്‌സി ഇറക്കിയിരുന്നു. ഡീസല്‍ എഞ്ചിനില്‍ ജിപ്‌സി ഇറങ്ങിയിട്ടില്ല. ആധുനിക സൗകര്യങ്ങളുടേയും സുഖഘടകങ്ങളുടേയും അഭാവം എപ്പോഴും ജിപ്‌സിയുടെ ഒരു പോരായ്മ തന്നെയാിരുന്നു. മാരുതി സുസുക്കിയുടെ മാരുതി 800-നും ഓമ്‌നിക്കും ശേഷം മൂന്നാമാതിയ അവതരിപ്പിച്ച മോഡലാണ് ജിപ്‌സി.
ജിപ്‌സി വില്‍പ്പന നിര്‍ത്തിയെന്ന് മാരുതി സുസുക്കി ഔദ്യോഗികമായി അറിയച്ചതോടെ ഈ വിടവ് നികത്താന്‍ ജിപ്‌സിയുടെ പിന്‍ഗാമിയെ ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്ന ഊഹാപോഹവും ശക്തമായി. കഴിഞ്ഞ വര്‍ഷം ആഗോള വിപണിയില്‍ ഇറക്കിയ സുസുക്കി ജിംനി വൈകാതെ ഇന്ത്യയിലെത്തിയേക്കും. ഇതു സംബന്ധിച്ച ഒരു അറിയിപ്പും കമ്പനി നല്‍കിയിട്ടില്ല.