ജലന്ധര്‍- പാക്കിസ്ഥാനിലെ ബാലക്കോട്ട് ആക്രമണത്തില്‍ തീവ്രവാദികളെയാണോ അതോ മരങ്ങളെയാണോ പിഴുതെറിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് തദ്ദേശ സ്ഥാപന മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു.
ബാലക്കോട്ട് വ്യോമാക്രമണത്തില്‍ 250 ഭീകരരെയാണ് വകവരുത്തിയതെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനക്ക് പിന്നാലെയാണ് ട്വിറ്ററില്‍ സിദ്ദുവിന്റെ ചോദ്യങ്ങള്‍.
300 ഭീകരര്‍ കൊല്ലപ്പെട്ടോ ഇല്ലയോ? പിന്നെ എന്തായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. അവിടെ നിങ്ങള്‍ പിഴുതെറിഞ്ഞത് മരങ്ങളെയാണോ ഭീകരരെയാണോ? ഇതൊക്കെ വെറും തെരഞ്ഞടുപ്പ് തന്ത്രമാണോ? - സിദ്ദു ചോദിച്ചു. സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും രാജ്യം പോലെ വിശുദ്ധമാണ് സൈന്യവുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതിപക്ഷ സമ്മര്‍ദം ശക്തമായിരിക്കെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിയിലാണ് 250 പേരെ വകവരുത്തിയെന്ന് അമിത് ഷാ പ്രസ്താവിച്ചത്. ബാലാക്കോട്ട് ആക്രമണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും തെരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടും ബി.ജെ.പി നേതാക്കള്‍ മുതലെടക്കാനുള്ള ശ്രമം തുടരുകയാണ്.