Sorry, you need to enable JavaScript to visit this website.

ഗോദയിലിറങ്ങുമോ പഴയ പടക്കുതിര

വാളെടുത്തവരൊക്കെ വിഷം തുപ്പുന്ന നരേന്ദ്ര മോഡിയുടെ കാലത്തിന് മുമ്പ് ബി.ജെ.പിക്ക് വർഗീയ വിഷം ചീറ്റാൻ തെരഞ്ഞെടുത്ത ചിലരുണ്ടായിരുന്നു. തീപ്പൊരി പ്രസംഗങ്ങളാണ് ഉമാഭാരതിയെ ശ്രദ്ധേയയാക്കിയത്. വർഗീയത പ്രസംഗിക്കുന്നത് നടപ്പു രീതിയായതോടെ ഉമാഭാരതിയുടെ പൊലിമ മങ്ങി. ഇത്തവണ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് നേരത്തെ അവർ പ്രഖ്യാപിച്ചു. എന്നാൽ മധ്യപ്രദേശിലെ കോൺഗ്രസ് കോട്ടയായ ചിന്ത്വാര പിടിക്കാൻ ബി.ജെ.പി അവരെ നിയോഗിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. 
ചിന്ത്വാര വർഷങ്ങളായി കമൽനാഥ് കൈവശം വെച്ചിരിക്കുന്ന മണ്ഡലമാണ്. 1998 മുതൽ കമൽനാഥ് ഇവിടെ നിന്ന് ജയിക്കുന്നുണ്ട്. എന്നാൽ ഇക്കഴിഞ്ഞ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടർന്ന് കമൽനാഥ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പകരം മകൻ നകുൽ നാഥ് ഇത്തവണ അവിടെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്നാണ് സൂചന. ചിന്ത്വാരയെപ്പോലെ കോൺഗ്രസ് ഉരുക്കുകോട്ട രാജ്യത്തുതന്നെ അപൂർവമായേ ഉണ്ടാവൂ. 1997 ലെ ഉപതെരഞ്ഞെടുപ്പിൽ സുന്ദർലാൽ പട്‌വയിലൂടെ ബി.ജെ.പി ഇവിടെ ജയിച്ചതൊഴിച്ചാൽ 1957 മുതൽ മണ്ഡലം കോൺഗ്രസിന്റെ കൈയിലാണ്. 
ഉമാഭാരതി 16 വർഷമായി മധ്യപ്രദേശ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഈയിടെ ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതാണ് ചിന്ത്വാരയിൽ ഉമാഭാരതിയെ മത്സരിപ്പിച്ചേക്കുമെന്ന സൂചന നൽകിയത്. മൂന്നു ദിവസത്തെ സന്ദർശനത്തിനിടയിൽ മോഹൻ ഭഗവത് ഇൻഡോറിലും ജബൽപൂരിലും സംഘപരിവാർ പ്രവർത്തകരുമായി ഇടപഴകിയിരുന്നു. മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് ഉമാഭാരതി തിരിച്ചുവരണമെന്നാണ് ആർ.എസ്.എസിന്റെ താൽപര്യം. കഴിഞ്ഞ തവണ ഉത്തർപ്രദേശിലെ ഝാൻസി മണ്ഡലത്തിൽ നിന്നാണ് ഉമാഭാരതി തെരഞ്ഞെടുക്കപ്പെട്ടത്. 
കേന്ദ്ര ജലവിഭവ മന്ത്രിയായ ഉമാഭാരതി താൻ ഇനി മത്സരിക്കില്ലെന്ന് കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. പകരം രാമക്ഷേത്ര നിർമാണത്തിനായുള്ള പ്രക്ഷോഭത്തിലും ഗംഗാ ശുചീകരണ പ്രവർത്തനങ്ങളിലും സജീവമാവുമെന്നും അവർ പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാൽ മത്സരിക്കില്ലെന്ന് മറ്റൊരിക്കൽ പറഞ്ഞു. ജനുവരി 15 മുതൽ ഒന്നര വർഷം താൻ ഗംഗാ യാത്രയിലായിരിക്കുമെന്ന് പിന്നീടൊരിക്കൽ പ്രഖ്യാപിച്ചു. ഗംഗയുടെ തീരങ്ങളിൽ സമയം ചെലവിടുമെന്നും പറഞ്ഞു. രാമക്ഷേത്രത്തിനായി ഇനി പ്രക്ഷോഭം ആവശ്യമില്ലെന്നും അഖിലകക്ഷി സമവായത്തോടെ ക്ഷേത്രം ഉയരണമെന്നും അവർ ഉപദേശിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്നാലും മരണം വരെ ബി.ജെ.പിയെ സേവിക്കുമെന്ന് മറ്റൊരിക്കൽ പ്രസ്താവിച്ചു. 
ഗ്വാളിയോർ രാജകുടുംബാംഗമായ വിജയരാജെ സിന്ധ്യയുടെ സ്വാധീനത്തിലാണ് ചെറിയ പ്രായത്തിൽ തന്നെ സംഘപരിവാറിലേക്ക് ഉമാഭാരതി ആകർഷിക്കപ്പെട്ടത്. ഇരുപതുകളിലേക്ക് കടന്നയുടനെ 1984 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഖജുരാഹൊ മണ്ഡലത്തിൽ ഉമാഭാരതിയെ ബി.ജെ.പി മത്സരിപ്പിച്ചു. പക്ഷെ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ശേഷമുണ്ടായ സഹതാപ തരംഗത്തിൽ പിടിച്ചുനിൽക്കാനായില്ല. 1989 ൽ ഖജുരാഹൊ പിടിച്ചെടുത്തു. 1996 ലും 1998 ലും ഇവിടെ നിന്ന് ജയിച്ചു. 1999 ൽ ഭോപ്പാലിലേക്ക് മാറുകയും അവിടെയും വിജയം വരിക്കുകയും ചെയ്തു. 2003 ൽ മധ്യപ്രദേശ് മുഖ്യമന്ത്രിയായി. എന്നാൽ ഹൂബ്ലി കലാപത്തിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടതിനെത്തുടർന്ന് ഒരു വർഷത്തിനകം രാജി വെച്ചു. എൽ.കെ അദ്വാനിയെ പരസ്യമായി വെല്ലുവിളിച്ചതിനെത്തുടർന്ന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ടു. ഭാരതീയ ജനശക്തി പാർട്ടി എന്ന പുതിയ കക്ഷി രൂപീകരിച്ചു. 2011 ലാണ് ബി.ജെ.പിയിൽ തിരിച്ചെത്തിയത്. തുടർന്ന് ഉത്തർപ്രദേശ് നിയസമഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  

 

Latest News