പൈലറ്റിനെ തിരികെ എത്തിച്ചത് മോഡി എന്ന സ്വയം സേവകന്റെ ശൗര്യമെന്ന് സ്മൃതി ഇറാനി

ന്യൂദല്‍ഹി- പാക്കിസ്ഥാന്‍ പിടികൂടിയ വ്യോമസേനാ പൈലറ്റ് അഭിനന്ദനെ രണ്ട് ദിവസത്തിനകം ഇന്ത്യയില്‍ തിരികെ എത്തിച്ചത് ഒരു ആര്‍.എസ്.എസ് സേവകന്റെ ശൗര്യം കാരണമാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയാണ് സ്വയം സേവകനായി മന്ത്രി വിശേഷിപ്പിച്ചത്.
ഒരു സ്വയംസേവകന്റെ ശൗര്യം കാരണമാണ് 48 മണിക്കൂറിനകം ഇന്ത്യയുടെ പുത്രനെ തിരികെ എത്തിക്കാന്‍ സാധിച്ചതെന്ന് സ്മൃതി ഇറാനിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി നേതാവ് സുധാംശു മിത്തലിന്റെ ആര്‍.എസ്.എസ്: ബില്‍ഡിംഗ് ഇന്ത്യ ത്രൂ സേവ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മന്ത്രിയുടെ പരാമര്‍ശം. ബി.ജെ.പിയില്‍ ചേരുന്നതിനു മുമ്പ് മോഡി ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു.
പുല്‍വാമ ഭീകരാക്രമണവും തുടര്‍ന്ന് വ്യോമസേന നടത്തിയ ആക്രമണവും ബി.ജെ.പി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് സ്മൃതി ഇറാനിയുടെ അവകാശവാദം.
പാക്കിസ്ഥാനെതിരായ സായുധ സേന നടപടിക്ക് തങ്ങള്‍ നല്‍കുന്ന പിന്തുണ ഭരണകക്ഷി നേതാക്കളുടെ രാഷ്ട്രീയ പ്രസ്താവനകള്‍ക്കുള്ള അംഗീകാരമല്ലെന്ന് 21 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

Latest News