ന്യൂദല്‍ഹി- ഇന്ത്യന്‍ റെയില്‍വേയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് എളുപ്പമാക്കി ഐആര്‍സിടിസി ഐപേ നിലവില്‍വന്നു. ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റുകള്‍ വാങ്ങുന്നതിന് മൂന്നാം കക്ഷിയുടെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ഒഴിവാക്കിയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) പേയ്‌മെന്റ് അഗ്രിഗേറ്റര്‍ സംവിധാനം.
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യൂനിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ്, ഇന്റര്‍നാഷണല്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ച് ടിക്കറ്റുകള്‍ വാങ്ങാമെന്ന് ഐആര്‍സിടിസി പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രീപെയ്ഡ് കാര്‍ഡ്, വാലറ്റ്, ഓട്ടോ ഡെബിറ്റ് സൗകര്യവും വൈകാതെ നിലവില്‍വരും.
കാറ്ററിംഗ്, ടൂറിസം, ഓണ്‍ലൈന്‍ ടിക്കറ്റ് എന്നിവക്കായുള്ള റെയില്‍വെ വിഭാഗമാണ് ഐആര്‍സിടിസി. യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് കൂടുതല്‍ എളുപ്പമായി എന്നതിനു പുറമെ ബാങ്ക് ഓണ്‍ലൈന്‍ പെയ്മന്റില്‍ ഉണ്ടായിരുന്ന സുരക്ഷാ പ്രശ്‌നങ്ങളും ഒഴിവായതായി ഐആര്‍സിടിസി അവകാശപ്പെട്ടു.
ഐപേ നിലവില്‍വന്നതോടെ പെയ്‌മെന്റ് സംവിധാനം പൂര്‍ണമായും ഐആര്‍സിടിസിയുടെ പൂര്‍ണ നിയന്ത്രണത്തിലായി. ബാങ്കുകളുമായും കാര്‍ഡ് നെറ്റ് വര്‍ക്കുകളുമായും നേരിട്ട് ബന്ധിപ്പിച്ചതിലൂടെയാണിത്. ഇതുവരെ ബാങ്കുകളുടെ ഓണ്‍ലൈന്‍ പെയ്‌മെന്റ് വഴിയാണ് ടിക്കറ്റ് വാങ്ങാന്‍ സാധിച്ചിരുന്നത്.