ന്യുദല്‍ഹി- പാക്കിസ്ഥാന്‍ വിട്ടയച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഇന്ത്യയിലെത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ദല്‍ഹിയിലെത്തിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനും കുടുംബത്തോടൊപ്പം ചേരുന്നതിനും സേനയില്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കുന്നതിനും നീണ്ട നടപടിക്രമങ്ങളാണ് ഇനി അഭിന്ദിനെ കാത്തിരിക്കുന്നത്. ഒരു വിമാന ദുരന്തത്തെ അതിജീവിച്ച് ശത്രുപാളയത്തില്‍ അകപ്പെട്ട അഭിനന്ദിനെ ആദ്യം വിശദമായ വൈദ്യ പരിശോധനകള്‍ക്ക് വിധേയനാക്കും. പരിക്കുകള്‍ വിലയിരുത്തുന്നതോടൊപ്പം രോഗാണു പരിശോധനയും നടത്തും. അഭിനന്ദിന്റെ വിമാനം തകര്‍ച്ചയിലേക്കു നയിച്ച സംഭവവികാസങ്ങള്‍ പുനരാവിഷ്‌ക്കരിക്കാന്‍ വ്യോമ സേന ഒരു സമിതിയെ നിയോഗിക്കും. നടന്ന സംഭവങ്ങള്‍ ആക്രമണത്തിന്റെ രൂക്ഷതയും തുടര്‍ന്നുള്ള സംഭവങ്ങളും മനസ്സിലാക്കാനാണിത്. പാക്കിസ്ഥാന്റെ തയാറെടുപ്പുകള്‍ അളക്കാനും ഇതുപകരിക്കും.
ഇതിന്റെ ഭാഗമായി നീണ്ട ചോദ്യം ചെയ്യല്‍ പ്രക്രിയയിലൂടെയാണ് അഭിനന്ദിനു കടന്നു പോകാനുള്ളത്. ഡി ബ്രീഫിങ് എന്നാണ് ഇതിനു പറയുന്നത്. ഒരു സൈനികനോ ചാരനോ ഏല്‍പ്പിക്കപ്പെട്ട ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയാല്‍ സേന നടത്തുന്ന ചോദ്യം ചെയ്യല്‍ പ്രക്രിയയാണിത്. ഇന്ത്യയുടെ രാജ്യാന്തര ചാര സംഘടനയായ റിസര്‍ച് ആന്റ് അനാലിസിസ് വിംഗ് (റോ), ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) വിദേശകാര്യ മന്ത്രാലയം എന്നീ വിവിധ ഏജന്‍സികളുടെ ഉന്നത ഉദ്യോഗസ്ഥര്‍ അഭിനന്ദിനെ വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയനാക്കും. ഇതു പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച വരെ സമയം എടുത്തേക്കാം. പാക് കസ്റ്റഡിയിലിരിക്കെ കേട്ട അവരുടെ സംഭാഷണങ്ങള്‍, തന്നെ കണ്ട ഓഫീസര്‍മാരുടെ പേരുകള്‍, എവിടെയെല്ലാം കൊണ്ടു പോയി തുടങ്ങി എല്ലാ വിവരങ്ങളും ചോദിച്ചറിയും. ഡി ബ്രീഫിങ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ അഭിനന്ദിനെ വ്യോമ സേനയിലെ അദ്ദേഹത്തിന്റെ യൂണിറ്റിലേക്ക് തിരിച്ചയക്കൂ. ഇതിനു ശേഷം മാധ്യമങ്ങളോട് എന്തെല്ലാം പറയണം, എന്തു പറയരുതെന്ന് വ്യക്തമായ നിര്‍ദേശങ്ങളും സേന അഭിന്ദിനു നല്‍കും.