വാഷിങ്ടണ്‍- നിരോധിത ഭീകരസംഘടനയായ അല്‍ഖയ്ദയുടെ മുന്‍ തലവന്‍ കൊല്ലപ്പെട്ട ഉസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുഎസ് 10 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. വളര്‍ന്നു വരുന്ന ഭീകരനായാണ് ഹംസയെ യുഎസ് വിശേഷിപ്പിക്കുന്നത്. വര്‍ഷങ്ങളായി ഹംസ എവിടെയാണെന്നതു സംബന്ധിച്ച് അഭ്യൂഹങ്ങള്‍ മാത്രമെ ഉള്ളൂ. പാക്കിസ്ഥാനിലാണെന്നും അഫ്ഗാനിസ്ഥാനിലാണെന്നും സിറിയയിലാണെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇറാനില്‍ വീട്ടുതടങ്കലിലാണെന്നും മറ്റൊരു റിപോര്‍ട്ടുണ്ടായിരുന്നു. 2011-ല്‍ പിതാവ് ഉസാമയെ കൊലപ്പെടുത്തിയതിന് പകരം ചോദിക്കുമെന്ന് മുപ്പതോളം വയസ്സ് പ്രായമുള്ള ഹംസ ഭീഷണി മുഴക്കിയതായും യുഎസ് വിദേശകാര്യ വകുപ്പ് പറയുന്നു. അല്‍ഖായിദയില്‍ ഉസാമയുടെ പിന്‍ഗാമിയായ വളര്‍ന്നു വരുന്ന നേതാവായാണ് യുഎസ് ഹംസയെ കാണുന്നത്. സൗദി അറേബ്യയ്ക്കെതിരെയും 2016-ല്‍ ഹംസയുടെ പേരില്‍ ഭീഷണി സന്ദേശം പുറത്തു വന്നിരുന്നു.
മാതാവിനൊപ്പം ഇറാനിലാണ് ഹംസ വര്‍ഷങ്ങളോളം കഴിഞ്ഞിരുന്നതെന്നും വിശ്വസിക്കപ്പെടുന്നു. നേരത്തെ ഹംസയുടെ അര്‍ധസഹോദരന്‍ ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം അഫ്ഗാനിലുള്ളതായി സംശയം പ്രകടിപ്പിച്ചിരുന്നു. ഹംസ എവിടെയാണെന്നതു സംബന്ധിച്ചു ആര്‍ക്കുമറിയിലലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2001 സെപ്തംബര്‍ 11-ന് യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ച മുഹമ്മദ് അത്തയുടെ മകളെയാണ് ഹംസ വിവാഹം ചെയ്തിരിക്കുന്നതെന്നും അര്‍ധ സഹോദരന് പറഞ്ഞിരുന്നു.