ന്യൂദല്‍ഹി- പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സാമ്പത്തിക മേഖലയില്‍നിന്നുള്ള അശുഭ വാര്‍ത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തിരിച്ചടിയാകുമെന്ന് നിരീക്ഷകര്‍. രാജ്യത്തിന്റെ വര്‍ഷിക വളര്‍ച്ചാ നിരക്ക് ഡിസംബറില്‍ അവസാനിച്ച പാദ വര്‍ഷത്തില്‍ 6.6 ശതമാനമായി കുറഞ്ഞിരിക്കയാണ്. പോയ വര്‍ഷം ഇത് 7.1 ശതമാനമായിരുന്നു. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്. ജി.ഡി.പി വളര്‍ച്ച 6.9 ശതമാനത്തിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്.
നിലവിലെ യുദ്ധസമാന സാഹചര്യം മാറുന്നതോടെ കണക്കുകള്‍ വിശകലനം ചെയ്ത് സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവരും. ഇത് പ്രധാനമന്ത്രി സ്ഥാനത്തേക്ക് രണ്ടാമൂഴം പ്രതീക്ഷിക്കുന്ന നരേന്ദ്ര മോഡിക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കും. മേയ് മാസത്തിനുമുമ്പ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മോഡി അധികാരത്തിലേറിയ ശേഷമുള്ള സാമ്പത്തിക സ്ഥതി സൂക്ഷ്മമായി വിലിയിരുത്താന്‍ പ്രേരിപ്പിക്കുന്നതാണ് വളര്‍ച്ചാ നിരക്കിലെ ഗണ്യമായ ഇടിവ്.
കോടിക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും രാജ്യത്തിന്റെ സമ്പദ്ഘടനയെ കരുത്തുറ്റതാക്കുമെന്നും വാഗ്ദാനം ചെയ്താണ് 2014 ല്‍ പ്രധാനമന്ത്രി മോഡി അധികാരത്തില്‍വന്നത്. എന്നാല്‍ 2018 മധ്യത്തില്‍ വളര്‍ച്ചാ നിരക്ക് 8.2 ശതമാനത്തിലെത്തിയെങ്കിലും അവിടെനിന്ന് കുത്തനെ താഴോട്ട് പതിക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മാ നിരക്കും ഗണ്യമായി വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ചൈനയുടെ വളര്‍ച്ചാ നിരക്കും കുറഞ്ഞിട്ടുണ്ടെന്ന താരതമ്യത്തില്‍ പ്രധാനമന്ത്രിക്കും എന്‍.ഡി.എക്കും രക്ഷപ്പെടാനാവില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് താഴോട്ട്; അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ ചൈനയുടെ വളര്‍ച്ച 6.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യയാണ് അതിവേഗ വളര്‍ച്ച നേടുന്നതെന്ന് വാദിക്കാമെങ്കിലും അതിന്റെ നേട്ടങ്ങള്‍ ലഭിക്കുന്നതായി വോട്ടര്‍മാര്‍ക്ക് അനുഭവപ്പെടുന്നില്ല. ഇതാണ് ഇന്റര്‍നാഷണല്‍ ഗ്രോത്ത് സെന്ററിലെ ഇന്ത്യാ ഡയരക്ടര്‍ പ്രണാബ് സെന്‍ ചൂണ്ടിക്കാണിക്കുന്നത്. നഗരങ്ങളില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നും ഇത് ആദ്യമായി പോളിംഗ് ബൂത്തിലെത്താനിരിക്കുന്ന യുവാക്കളെ കാര്യമായി സ്വാധീനിക്കുമെന്നും അദ്ദേഹം പറയുന്നു. ഇതോടൊപ്പം കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും തെരഞ്ഞെടുപ്പില്‍ മോഡിയേയും ബി.ജെ.പിയേയും ബാധിക്കുമെന്ന് സെന്‍ ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയും ചൈനയും തമ്മില്‍ തുടരുന്ന വ്യാപാര യുദ്ധവും എണ്ണ വില വര്‍ധനയുമാണ് ഇന്ത്യയുടെ വളര്‍ച്ചാനിരക്കിനെ പ്രതികൂലമായി ബാധിച്ചതെന്ന് സാമ്പത്തിക വിദഗ്ധര്‍ പൊതുവെ അഭിപ്രായപ്പെടുന്നു.
പലിശ നിരക്ക് കുറച്ചുകൊണ്ട് വളര്‍ച്ചാ നിരക്ക് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ, ഫെബ്രുവരിയിലാണ് പലിശ നിരക്ക് താഴ്ത്തിയത്. പണപ്പെരുപ്പം വീണ്ടും വര്‍ധിക്കുന്നില്ലെങ്കില്‍ ആര്‍.ബി.ഐ വീണ്ടുമൊരു ശ്രമം നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.