Sorry, you need to enable JavaScript to visit this website.

പുല്‍വാമ, ബാലാകോട്ട്, അഭിനന്ദന്‍; ഇന്ത്യാ-പാക് സംഘര്‍ഷം വിറ്റുകാശാക്കാന്‍ ബോളിവുഡില്‍ കടിപിടി

മുംബൈ- പുര കത്തുമ്പോള്‍ വാഴവെട്ടാന്‍ പോയവരെ കുറിച്ചു പറഞ്ഞതു പോലെയാണ് ഇപ്പോള്‍ ബോളിവുഡിലെ കാര്യങ്ങള്‍. ഭീകരാക്രമണവും വ്യോമാക്രമണവും അതിര്‍ത്തി ലംഘനവുമെല്ലാമായി ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍ വാര്‍ത്തകളില്‍ നിറയുന്ന നിറംപിടിപ്പിച്ച രാജ്യസ്‌നേഹത്തെ വിറ്റുകാശാക്കാനുള്ള പരക്കംപാച്ചിലിലാണ് ബോളിവുഡ് നിര്‍മാതാക്കള്‍. വിക്കി കൗശലിന്റെ ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് ബോക്‌സോഫീസില്‍ വന്‍ വിജയമാകുകയും കോടികള്‍ വാരിക്കൂട്ടുകയും ചെയ്തതോടെ രാജ്യസ്‌നേഹം ഇപ്പോള്‍ നല്ല മാര്‍ക്കറ്റുള്ള ചരക്കാണെന്നു ബോധ്യപ്പെട്ടതാകാം, ഈയിടെ ഉണ്ടായ പുല്‍വാമ ഭീകരാക്രമണം, ബാലാകോട്ട് വ്യോമാക്രമണം, പാക് സൈന്യം പിടികൂടിയ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ എന്നിവയെല്ലാം സിനിമ പേരുകളാക്കി രജിസ്റ്റര്‍ ചെയ്യാനുള്ള തിരക്കിലാണ് ബോളിവുഡ്.

പുല്‍വാമ, ബാലാകോട്ട്, അഭിനന്ദന്‍ എന്നീ പേരുകളും ഇവയുടെ വകഭേദങ്ങളും പല നിര്‍മ്മാതാക്കളും ഇതിനികം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ത്യാ-പാക് പ്രതിസന്ധി ഏറ്റവും രൂക്ഷമായ ദിവസമായ ഫെബ്രുവരി 26-ന് പടിഞ്ഞാരന്‍ മുംബൈയിലെ അന്ദേരിയിലെ ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഓഫീസില്‍ സിനിമാ ടൈറ്റിലുകകള്‍ക്കു വേണ്ടിയുള്ള കടിപടി നടക്കുകയായിരുന്നു. ഇന്ത്യാ-പാക് പോരുമായി ബന്ധമുള്ള തീവ്രദേശഭക്തിയുള്ള  പേരുകല്‍ സിനിമാ ടൈറ്റിലുകളായി രജിസ്റ്റര്‍ ചെയ്യുന്നതിന് അഞ്ച് മുന്‍ നിര പ്രൊഡ്യൂസര്‍മാരുടെ പ്രതിനിധികളാണ് ഈ ദിവസം ഇവിടെ എത്തിയത്. ബാലാകോട്ട്, സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2.0, പുല്‍വാമ അറ്റാക്ക് എന്നീ പേരുകള്‍ക്കായി ഇവര്‍ തമ്മില്‍ കടിപിടിയായിരുന്നുവെന്ന് ഹഫ്പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. മുന്‍നിര നിര്‍മാതാക്കളായ അബന്‍ഡന്‍ഷ്യ, ടി സീരീസ് എന്നിവരുടെ പ്രതിനിധികളും ഈ ടൈറ്റിലുകള്‍ക്കായി രംഗത്തുണ്ടായിരുന്നെന്ന് റിപോര്‍ട്ട് പറയുന്നു. 

ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക വളരെ ലളിതമാണ്. ഒരു ഫോം പൂരിപ്പിച്ച് നാലഞ്ച് ടൈറ്റില്‍ നിര്‍ദേശങ്ങള്‍ സഹിതമാണ് പ്രൊഡ്യൂസര്‍മാര്‍ സമര്‍പ്പിക്കേണ്ടത്. 250 രൂപയും അതിന്റെ ജിഎസ്ടിയുമാണ് ഫീസ്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്ന പലരും ഈ പേരില്‍ സിനിമയോ ടിവി ഷോയോ നിര്‍മ്മിക്കുന്നവരാകില്ല. ഇവര്‍ ഈ പേരുകള്‍ ഉയര്‍ന്ന തുകയ്ക്ക് മറ്റു പ്രൊഡ്യൂസര്‍മാര്‍ക്ക് മറിച്ചു വില്‍ക്കും.
 

Latest News