'മികച്ച നടന്‍ മോഡി'; പ്രധാനമന്ത്രിയെ ട്രോളി ട്വിറ്ററില്‍ തൃണമൂലിന്റെ ഓസ്‌കര്‍ വിഡിയോ

ന്യൂദല്‍ഹി- കുഭം മേളയില്‍ പങ്കെടുത്ത് ശുചീകരണ തൊഴിലാളികളുടെ പാദങ്ങള്‍ കഴുകിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്രോളി തൃണമൂല്‍ കോണ്‍ഗ്രസ് വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനെ ചൊല്ലി കലപില. തിങ്കളാഴ്ച നടന്ന ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങിന്റെ വിഡിയോ എഡിറ്റ് ചെയ്ത് മോഡിയെ മികച്ച നടനായി അവതരിപ്പിക്കുന്നതാണ് വിഡിയോ. ഈ വര്‍ഷത്തെ ഓസ്‌കര്‍ ജേതാക്കളെ പ്രഖ്യാപിച്ച ചടങ്ങ് അവതരിപ്പിച്ച ഹോളിവൂഡ് താരങ്ങളായ ഗാരി ഓള്‍ഡ്മാനും അലിസണ്‍ ജാനെയും ചേര്‍ന്ന് മികച്ച നടനെ പ്രഖ്യാപിക്കുന്ന രംഗമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. 'ഓസ്‌കര്‍ ഗോസ് റ്റു നരേന്ദ്ര മോഡി' എന്നാണ് ഇവര്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. കുംഭ മേളയ്ക്കിടെ ശുചീകരണ തൊഴിലാളികളുടെ പാദങ്ങള്‍ മോഡി കഴുകുന്ന വിഡിയോയും ചേര്‍ത്തിട്ടുണ്ട്. പശ്ചാത്തല സംഗീതവും നിറഞ്ഞ കയ്യടികളുമെല്ലാം ഓസ്‌കര്‍ വേദിയിലേതു തന്നെ. 'ഓസ്‌കര്‍ ഗോസ് ടു...' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ഇതു പലര്‍ക്കും അത്ര രസിച്ചില്ല. പലരും തൃണമൂല്‍ നേതാവ് മമത ബാനര്‍ജിക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തി.

Latest News