ജറൂസലം- ഹിസ്ബുല്ലയെ നിരോധിക്കാാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇസ്രായില്‍. ബ്രിട്ടനെ പിന്തുടര്‍ന്ന് മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ഇറാന്‍ പിന്തുണയുള്ള ഭീകര സംഘടനയായ ഹിസ്ബുല്ലയെ നിരോധിക്കണമെന്ന് ഇസ്രായില്‍ ആവശ്യപ്പെട്ടു. ഹിസ്ബുല്ലയുടെ രാഷ്ട്രീയ വിഭാഗത്തെ കൂടി നിയമവിരുദ്ധമായി പ്രഖ്യാപിക്കാനാണ് ബ്രിട്ടന്റെ തീരുമാനം. ഹിസ്ബുല്ലയുടെ വിദേശ സുരക്ഷാ യൂനിറ്റിനെ 2001 ലും സൈനിക വിഭാഗത്തെ 2008 ലും ബ്രിട്ടന്‍ നിരോധിച്ചിരുന്നു.
മിഡില്‍ ഈസ്റ്റിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഹിസ്ബുല്ല തുടരുകയാണ്. അവരുടെ സൈനിക വിഭാഗവും രാഷ്ട്രീയ പാര്‍ട്ടിയും തമ്മില്‍ വേര്‍തിരിക്കാനാവുന്നില്ല- ബ്രട്ടീഷ് ആഭ്യന്തര മന്ത്രി സാജിദ് ജാവിദ് പറഞ്ഞു. ഇതാണ് ഹിസ്ബുല്ലയെ മൊത്തത്തില്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു.
ഭീകരതക്കെതിരായ പോരാട്ടം ആത്മാര്‍ഥമാണെങ്കില്‍ സൈനിക വിഭാഗം, രാഷ്ട്രീയ വിഭാഗം എന്നിങ്ങനെയുള്ള വ്യാജ വേര്‍തിരിവ് തള്ളിക്കളയണമെന്ന് ഇസ്രായില്‍ സുരക്ഷാ മന്ത്രി ഗിലാദ് എര്‍ദാന്‍ ട്വീറ്റ് ചെയ്തു.
ബ്രിട്ടന്റെ ഹിസ്ബുല്ല നിരോധം പാര്‍ലമെന്റിന്റെ അംഗീകാരത്തിനു വിധേയമായി വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കയാണ്. ഹിസ്ബുല്ലയില്‍ അംഗത്വമെടുക്കുന്നവര്‍ക്കും പിന്തുണക്കുന്നവര്‍ക്കും പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും.
യു.എന്‍ രക്ഷാ സമിതി പ്രമേയങ്ങള്‍ ലംഘിച്ചുകൊണ്ട് ഹിസ്ബുല്ല വ്യാപകമായ തോതില്‍ ആയുധങ്ങള്‍ സംഭരിക്കുന്നുവെന്ന് തീരുമാനം വിശദീകരിച്ചുകൊണ്ട് ബ്രിട്ടീഷ് അധികൃതര്‍ വ്യക്തമാക്കി. ബശാറുല്‍ അസദിന്റെ സിറിയന്‍ ഭരണകൂടത്തിനു നല്‍കുന്ന പിന്തുണയേയും ബ്രിട്ടന്‍ വിമര്‍ശിക്കുന്നു. ഇതുകാരണം അസദ് ഭരണകൂടം ജനങ്ങള്‍ക്കുമേല്‍ നടത്തുന്ന കിരാത അതിക്രമങ്ങള്‍ തുടരുകയാണ്.
ഹിസ്ബുല്ലയെ നേരത്തെ തന്നെ ഭീകര സംഘടനയായി പ്രഖ്യാപിച്ച അമേരിക്ക, ലെബനാന്‍ സര്‍ക്കാരില്‍ ഹിസ്ബുല്ലക്കുള്ള സ്വാധീനത്തെ കഴിഞ്ഞയാഴ്ച വിമര്‍ശിച്ചിരുന്നു.