മുംബൈ: മെയ് അവസാനം ആരംഭിക്കുന്ന ലോകകപ്പില്‍ പാക്കിസ്ഥാനുമായുള്ള മാച്ച് ഇന്ത്യ കളിക്കണമെന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ അഭിപ്രായത്തിന് പിന്തുണയുമായി ശരദ് പവാറും.
അതേസമയം, സച്ചിന് പിന്തുണയുമായി എന്‍സിപി അദ്ധ്യക്ഷനും ഐസിസി, ബിസിസിഐ മുന്‍ തലവനുമായ ശരദ് പവാര്‍ രംഗത്തെത്തി. 15ാം വയസില്‍ പാക്കിസ്ഥാനെ തകര്‍ത്തുകൊണ്ടാണ് സച്ചിന്‍ കരിയര്‍ തുടങ്ങിയത് എന്ന് വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കണമെന്ന് ശരദ് പവാര്‍ പറഞ്ഞു. സച്ചിന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ തീക്ഷ്ണമാവുമ്പോഴാണ് ശരദ് പവാറിന്റെ പ്രതികരണം.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറേണ്ട ആവശ്യമില്ലെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. മത്സരത്തില്‍ നിന്ന് പിന്‍മാറി രണ്ട് പോയിന്റ് നഷ്ടപ്പെടുത്തുകയല്ല, പാക്കിസ്ഥാനെ കളിച്ച് തോല്‍പിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത് എന്നായിരുന്നു സച്ചിന്‍ അഭിപ്രായപ്പെട്ടത്. ഒപ്പം ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും രാജ്യം ഏത് തീരുമാനം എടുത്താലും പിന്തുണയ്ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാനെ അനുകൂലിക്കുന്നു എന്നാരോപിച്ച് സച്ചിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.