കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിവാദ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നു. 'ദ ഡാര്‍ക്ക് ഷേഡ്‌സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്റ് ഷെപേര്‍ഡ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആന്റോ ഇലഞ്ഞിയാണ് സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത്. മൂന്ന് ഭാഷകളില്‍ ഒരേസമയമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രഗത്ഭ താരങ്ങള്‍ക്കൊപ്പം തമിഴിലെ പ്രമുഖ സംവിധായകന്‍ രാംദാസ് രാമസ്വാമി ഒരു മുഖ്യവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി. ട്രെയിലറും പുറത്തെത്തി.
ഒരു മെത്രാന്റെയും കന്യാസ്ത്രീയുടെയും ജീവിതത്തില്‍ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളും അതുമൂലം അവര്‍ നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങളെയും ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. അനില്‍ വിജയ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍ ജെസിയും ജോസിയുമാണ്. ചിത്രത്തിന്റെ രണ്ടാംഘട്ട ഷൂട്ടിംഗ് ഡല്‍ഹിയിലും ജലന്ധറിലുമായി മാര്‍ച്ച് അവസാന വാരം നടക്കും.
കൊച്ചിയില്‍ നീതി ആവശ്യപ്പെട്ട് കന്യാസ്ത്രികള്‍ നടത്തിയ സമരത്തില്‍ പങ്കാളികളായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും. 2013ല്‍ പുറത്തിറങ്ങിയ ഫോര്‍ സെയ്ല്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് ആന്റോ ഇലഞ്ഞി.