ന്യൂദല്‍ഹി- പ്രിയങ്ക ഗാന്ധിക്കു പിന്നാലെ ഭര്‍ത്താവ് റോബര്‍ട്ട് വദ്‌രയും രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് സൂചന. പണം വെളുപ്പിക്കല്‍ അടക്കമുള്ള ആരോപണങ്ങളില്‍നിന്ന് മുക്തമാകുന്നതോടെ സമൂഹത്തില്‍ വലിയ പങ്ക് വഹിക്കാന്‍ ഇറങ്ങുമെന്ന് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചു. വര്‍ഷങ്ങള്‍ നീണ്ട പരിചയ സമ്പത്ത് വൃഥാവിലായിക്കൂടെന്ന് അദ്ദേഹം പറയുന്നു.
റോബര്‍ട്ട് വദ്‌രക്കെതിരായ പണം വെളുപ്പിക്കല്‍ കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷണം തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. യു.പിയിലാണ് കൂടുതലും. ചെറു ചലനങ്ങള്‍ സൃഷ്ടിക്കാന്‍ തനിക്കാകുമെന്നും ജനങ്ങളെ കൂടുതല്‍ സേവിക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം എഴുതി.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്ക ഗാന്ധി കിഴക്കന്‍ യു.പിയില്‍ സജീവമായിട്ടുണ്ട്. പ്രിയങ്കയിലൂടെ യു.പി തിരിച്ചുപിടിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.