കൊല്‍ക്കത്ത- കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ച യുവാവ് ആശുപത്രിയില്‍ മരിച്ചു. പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയുടെ കിഴക്കന്‍ ഭാഗത്ത് സമ്പന്നര്‍ താമസിക്കുന്ന കുകുര്‍ഗച്ച് പ്രദേശത്താണ് സംഭവം. കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മര്‍ദനവുമായി ബന്ധപ്പെട്ട് 17 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
പാന്റലൂണ്‍സ് ഷോറൂമിനു മുന്നില്‍ വെച്ച് ജനക്കൂട്ടം തല്ലിയ 20 കാരനെ ഗുരുതരമായ പരിക്കുകളോടെയാണ് പോലീസ് നീല്‍ രത്തന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. മരിക്കുന്നതിനു തൊട്ടുമുമ്പ് യുവാവ് പോലീസിനു മൊഴിനല്‍കിയതായി ഫൂല്‍ബഗന്‍ എസ്.ഐ പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനിടെ, ഗോഖാനയില്‍ പോലീസും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടിയെന്നും കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചതെന്നും പോലീസ് പറഞ്ഞു.
കൊല്‍ക്കത്തയില്‍ ടിക്കിയാപാര, ജഗദ്ബല്ലവ്പുര്‍, കസ്ബ, ടാംലുക, ബാസിര്‍ഹട് എന്നിവിടങ്ങളില്‍ നേരത്തേയും ആള്‍ക്കൂട്ട മര്‍ദനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രക്ഷപ്പെടുത്താന്‍ എത്തുന്ന പോലീസും ഇവിടങ്ങളില്‍ ആക്രമിക്കപ്പെട്ടിരുന്നു.