ന്യൂദല്‍ഹി- പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കെ, എയര്‍ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി സന്ദേശം. മുംബൈയിലെ എയര്‍ഇന്ത്യ കണ്ട്രോള് സെന്ററില്‍ ഫോണ്‍ സന്ദേശം ലഭിച്ചതിന് പിന്നാലെ എയര്‍പോര്‍ട്ടുകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ (ബി.സി.എ.എസ്) ജാഗ്രതാ നിര്‍ദേശം നല്കി.
പുല്‍വാമ ഭീകരാക്രമണത്തിന് പാക്കിസ്ഥാനെതിരെ ഇന്ത്യ കൂടുതല്‍ നടപടികള്‍ കൈക്കൊണ്ടു വരുന്നതിനിടയില്‍ ലഭിച്ച സന്ദേശം അധികൃതര്‍ ഗൗരവത്തോടെയാണ് കാണുന്നത്.
ഫെബ്രുവരി 23 ന് വിമാനം റാഞ്ചുമെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതിന് കര്‍ശനം നിയന്ത്രണം ഏര്‍പ്പെടുത്തി. പാര്‍ക്കിംഗ് ഏരിയയില്‍ എത്തുന്ന വാഹനങ്ങളിലെല്ലാം കര്‍ശന പരിശോധന നടത്തി. യാത്രക്കാരുടെ ബാഗുകളുടെയും, കാര്‍ഗോ, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെയും പരിശോധന കൂടുതല്‍ കര്‍ശനമാക്കി. ദ്രുത കര്‍മസേനയെ സജ്ജമാക്കി. പുല്‍വാമ ഭീകരാക്രമണത്തിന്റെയും മുംബൈ നഗരത്തിലുണ്ടായ സ്ഫോടനത്തിന്റെയും പശ്ചാത്തലത്തില്‍ നേരത്തെ മുംബൈയിലെ റെയില്‍വെ സ്റ്റേഷനുകളില്‍ അതീവ ജാഗ്രത പാലിക്കുന്നതിന് നിര്‍ദേശം നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്.
വിമാനങ്ങള്‍ റാഞ്ചുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിടുന്ന നിയമഭേദഗതി പാര്‍ലമെന്റ് പാസാക്കിയിരുന്നു. വിമാനം തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ യാത്രക്കാര്‍ക്കോ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ മരണം സംഭവിച്ചാല്‍ റാഞ്ചികള്‍ക്ക് വധശിക്ഷവരെ നല്കാന് വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി ബില്‍.