ബംഗളൂരു- ബോര്‍ഡ് മാറ്റണമെന്ന ആവശ്യവുമായി എത്തിയവരുടെ ഭീഷണിയെ തുടര്‍ന്ന്
നഗരത്തിലെ കറാച്ചി ബേക്കറിയുടെ ബോര്‍ഡിലെ കറാച്ചിയെന്ന ഭാഗം മറയ്ക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതമായി. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പാക്കിസ്ഥാന്‍ വിരുദ്ധ വികാരം ശക്തമായിരിക്കെ, വെള്ളിയാഴ്ച രാത്രിയാണ് ഒരു സംഘമാളുകള്‍ പ്രതിഷേധവുമായി എത്തിയത്. 20-25 പേരടങ്ങുന്ന സംഘം ബേക്കറിയുടെ മുന്നിലെത്തി മുദ്രാവാക്യം മുഴക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ ആരാണെന്ന് വ്യക്തമാക്കിയില്ലെങ്കിലും ബേക്കറി ജീവനക്കാരെ കൊണ്ട് ബോര്‍ഡ് പകുതി മറപ്പിച്ചു.
ഭീഷണിയെ തുടര്‍ന്ന് ബോര്‍ഡ് മറച്ച ജീവനക്കാര്‍ കെട്ടിടത്തില്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു. ജീവനക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ പ്രതിഷേധക്കാര്‍ അക്രമത്തിനു മുതിരുകയോ ഷോപ്പിലെ സാധനങ്ങള്‍ക്ക് കേടുവരുത്തുകയോ ചെയ്തില്ല.
അവര്‍ ഞങ്ങള്‍ പാക്കിസ്ഥാനികളാണെന്നാണ് കരുതിയതെന്നും 53 വര്‍ഷമായി ഈ പേരിലാണ് സ്ഥാപനം നടത്തുന്നതെന്നും കറാച്ചി ബേക്കറി മാനേജര്‍ പറഞ്ഞു. ബേക്കറി ഉടമകള്‍ ഹിന്ദുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1947 ല്‍ വിഭജനവേളയില്‍ ഇന്ത്യയിലേക്ക് കുടിയേറിയ ഖാന്‍ചന്ദ് രാംനാനി സ്ഥാപിച്ച സ്ഥാപനമാണ് കറാച്ചി ബേക്കറി. ഹൈദരാബാദിലാണ് ആദ്യ ബ്രാഞ്ച് തുറന്നതെങ്കിലും രാജ്യത്താകെ ഫ്രാഞ്ചൈസികളുമായി പന്തലിച്ചു. ഇവിടത്തെ ഫ്രൂട്ട് ബിസ്‌കറ്റ് പ്രശസ്തമാണ്.