Sorry, you need to enable JavaScript to visit this website.

കശ്മീരി വിദ്യാര്‍ഥികളെ മര്‍ദിക്കുന്ന വിഡിയോ വൈറലായി; പ്രവര്‍ത്തകരെ പുറത്താക്കി യുവസേന

മുംബൈ- രണ്ട് കശ്മീരി വിദ്യാര്‍ഥികളെ ആക്രമിക്കുന്ന വിഡിയോ വൈറലായതിനെ തുടര്‍ന്ന്  പ്രവര്‍ത്തകരെ പുറത്താക്കിയതായി ശിവസേനയുടെ യുവജന സംഘടനയായ യുവസേന അറിയിച്ചു. മഹാരാഷ്ട്രയിലെ യുവത്മാളില്‍ കശ്മീരി വിദ്യാര്‍ഥികളെ ആക്രമിച്ച പ്രവര്‍ത്തകരെയാണ് സംഘടന പുറത്താക്കിയത്.
യുവസേനയുടെ പ്രവര്‍ത്തകരായ എട്ട് പേര്‍ ചേര്‍ന്നാണ് കശ്മീരി വിദ്യാര്‍ഥികളെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. ദയാബാദ് പട്ടേല്‍ ശാരീരിക് ശിക്ഷന്‍ മഹാവിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരയായത്. താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം കശ്മീരി വിദ്യാര്‍ഥികളോട് വന്ദേമാതരം ചൊല്ലാനും ഭാരത് മാതാ കീ ജയ് വിളിക്കാനും ആവശ്യപ്പെട്ടതായും പോലീസ് വ്യക്തമാക്കുന്നു. ഒന്നര വര്‍ഷമായി മഹാരാഷ്ട്രയിലുണ്ടെന്നും പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇവിടം വിട്ട് പോകാനാണ് ആവശ്യപ്പെടുന്നതെന്നും കശ്മീരി വിദ്യാര്‍ഥികള്‍ പറഞ്ഞു.
യുവസേന നേതാവ് ആദിത്യ താക്കറെ ആക്രമണത്തെ അപലപിച്ചു.  ആക്രമണത്തിന് നേതൃത്വം നല്‍കിയവരെ പുറത്താക്കിയതായി അദ്ദേഹം അറിയിച്ചു. ജമ്മുകശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ രോഷം മനസിലാക്കുന്നു. അതിന് നിരപരാധികളെ ആക്രമിക്കുകയല്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News