ന്യുദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിയതോടെ സര്‍ക്കാരിന്റെ നേട്ടം പറഞ്ഞ് വോട്ടു പെട്ടിയിലാക്കാനുള്ള അടവുകള്‍ ഓരോന്നായി പുറത്തെടുക്കുകയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 'പറക്കുന്ന' വോട്ടര്‍മാരെ ആകാശത്തു വച്ചുതന്നെ വലയിലാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വ്യോമയാന രംഗത്തെ ഈ സര്‍ക്കാരിന്റെ നേട്ടങ്ങളും പദ്ധതികളും അക്കമിട്ടു നിരത്തി കേന്ദ്ര വ്യോമയാന മന്ത്രി എഴുതിയ പ്രചരണ കത്ത് ആഭ്യന്തര റൂട്ടുകളില്‍ പറക്കുന്ന എല്ലാ വിമാനങ്ങളിലേയും യാത്രക്കാര്‍ക്കു വിതരണം ചെയ്യണമെന്ന് വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍. മന്ത്രിയെതിയ കത്തും ഇതു വിമാനങ്ങളില്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കുറിപ്പും എല്ലാ കമ്പനികള്‍ക്കും അയച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 20-നാണ് കമ്പനികള്‍ക്ക് ഈ കത്തെഴുതിയിരിക്കുന്നത്. ദിവസവും വിതരണം ചെയ്യാന്‍ എത്ര കത്തുകള്‍ വേണമെന്ന് മന്ത്രാലയത്തെ അറിയിക്കണമെന്നും കുറിപ്പിലുണ്ട്. വ്യോമയാന മന്ത്രാലയത്തിന്റെ പ്രധാന നേട്ടങ്ങള്‍ എന്ന തലക്കെട്ടിലാണ് കത്ത്. വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ ചിത്രവും ഉണ്ട്. 'പ്രിയ യാത്രക്കാരെ, ബഹു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിജിയുടെ കഴിവുറ്റ നേതൃത്വത്തിന്‍കീഴില്‍ രാജ്യം എല്ലാ മേഖലകളിലും കഴിഞ്ഞ 50 മാസത്തിലേറെ കാലയളവില്‍ വലിയ പുരോഗതി കൈവരിച്ചിരിക്കുകയാണ്. വ്യോമയാന മേഖലയും ഈ വിജയകഥയുടെ ഭാഗമാണ്...' എന്നു തുടങ്ങുന്നു ഈ കത്ത്.
വിമാനത്താവള വികസനങ്ങളും ആഭ്യന്തര സെക്ടറുകളിലെ കുറഞ്ഞ നിരക്കിലുള്ള വിമാന യാത്ര സാധ്യമാക്കുന്ന ഉഡാന്‍ പദ്ധതിയുമടക്കം മോഡി സര്‍ക്കാരിന്റെ കാലത്തെ വ്യോമയാന മന്ത്രാലയത്തിന്റെ എല്ലാ പദ്ധതികളും നേട്ടങ്ങളും കത്തില്‍ വിശദമായി അക്കമിട്ടു നിരത്തിയിട്ടുണ്ട്.