അഗര്‍ത്തല- വിവാദം ബലൂണിന്റെ രൂപത്തിലാണ് ത്രിപുരയിലെ ബിജെപി മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ ഇത്തവണ പിടികൂടിയിരിക്കുന്നത്. ദേശീയവാദി പാര്‍ട്ടിയെന്ന് വിളിക്കപ്പെടുന്ന ബിജെപിയുടെ നേതാവായ ബിപ്ലബ് ദേശീയ ഗാനത്തെ അവഹേളിച്ചെന്നാരോപിച്ചാണ് വിവാദം കൊഴുക്കുന്നത്. അഗര്‍ത്തലയ്ക്കടുത്ത തുലകോണയില്‍ ബുധനാഴ്ച നടന്ന ഒരു സര്‍ക്കാര്‍ പരിപാടിയില്‍ ദേശീയ ഗാനം ആലപിക്കുന്നതിനിടെ മുഖ്യമന്ത്രി ബലൂണ്‍ പറത്തിക്കളിച്ചെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കാട്ടുതീ പോലെ പടര്‍ന്നതോടെ വെട്ടിലായിരിക്കുകയാണ് ബിപ്ലബ് കുമാര്‍.
85 കോടി രൂപയുടെ മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി ഉല്‍ഘാടന ചടങ്ങില്‍ കേന്ദ്ര മന്ത്രി സാധ്വി നിരജ്ഞന്‍ ജ്യോതിയും മറ്റു പ്രധാന അതിഥികളുടേയും സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ബലൂണ്‍ പറത്തിയത്. ദേശീയ ഗാനം ആലപിക്കുന്നതിനിടെ ഒരാള്‍ നാരില്‍ ബന്ധിച്ച ത്രിവര്‍ണത്തിലുള്ള ബലൂണുകള്‍ മുഖ്യമന്ത്രിക്കു കൈമാറുകയായിരുന്നു. മുഖ്യമന്ത്രി ഇത് കേന്ദ്ര മന്ത്രി ജ്യോതിക്കു കൈമാറുകയും അവര്‍ അകാശത്തേക്കു പറത്തി വിടുകയും ചെയ്തു. ഇതു കണ്ട് ഒരാള്‍ കയ്യടിക്കുകയും ചെയ്യും. ഇതെല്ലാം നടക്കുമ്പോഴും ദേശീയ ഗാനാലാപനം തുടരുന്നുണ്ടായിരുന്നു.
ദേശീയ ഗാനം ആലപിക്കപ്പെടുമ്പോള്‍ അറ്റന്‍ഷനില്‍ നില്‍ക്കണമെന്നാണ് പൊതുവായ പെരുമാറ്റച്ചട്ടം. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഇതു ലംഘിച്ച് ദേശീയ ഗാനത്തെ അവഹേളിച്ചെന്ന ആരോപണം സമൂഹ മാധ്യമങ്ങളില്‍ ശക്തമാണ്.