ന്യൂദൽഹി- വിവാദമായ റാഫേൽ ഇടപാടിൽ ക്രമക്കേട് നടന്നതായി കണ്ടെത്താനായില്ലെന്ന ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. റാഫേൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ മൂന്ന് പുനഃ പരിശോധന ഹർജികൾ തുറന്ന കോടതിയിൽ കേൾക്കും എന്നാണ് സൂചന. ഇടപാട് സംബന്ധിച്ച് കേന്ദ്ര സർക്കാർ സമർപ്പിച്ച തെറ്റായ വിവരങ്ങൾ പരിഗണിച്ചാണ് കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്. ബി.ജെ.പി മുൻ നേതാക്കളായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രമുഖഅഭിഭാഷകനായ പ്രശാന്ത് ഭൂഷൺ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഡിസംബർ 14 ലെ സുപ്രീം കോടതി ഉത്തരവ് പുനപ്പരിശോധിക്കണമെന്നാണ് പ്രധാന അവശ്യം.
നേരത്തെ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൗൾ, കെ.എം ജോസഫ് എന്നിവരുൾപ്പെട്ട സുപ്രീം കോടതി ബെഞ്ചാണ് റാഫേൽ ഇടപാടിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിക്കൊണ്ട് ഉത്തവിട്ടത്. എന്നാൽ നിലവിൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ എസ്.കെ കൗൾ, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരില്ല.
റാഫേൽ കരാരുമായി ബന്ധപ്പെട്ടുള്ള വില നിർണയം, പങ്കാളികളെ തിരഞ്ഞെടുക്കൽ എന്നിവയിൽ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
മുൻ കരാറിൽ പറയുന്ന പോലെ 126 വിമാനങ്ങൾ വാങ്ങാൻ സർക്കാറിനെ നിർബന്ധിക്കാൻ കോടതിക്കാവില്ലെന്നായിരുന്നു ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ മുൻ ഉത്തരവ്. ഈ കേസിന്റെ ഓരോ വശവും പരിശോധിക്കാൻ കോടതിക്ക് കഴിയില്ല. വിലവിവരപ്പട്ടിക താരതമ്യപ്പെടുത്തുന്നത് കോടതിയുടെ ജോലിയല്ല, ഇടപാടിനെ സംശയത്തോടെ വീക്ഷിക്കേണ്ട കാര്യമില്ല തുടങ്ങിയ കാര്യങ്ങളായിരുന്നു കോടതി ഉത്തരവിൽ പറഞ്ഞിരുന്നത്. വിമാനങ്ങൾ വാങ്ങുന്നതിനുള്ള തീരുമാനത്തിൽ വീഴ്ചയോ ഏതെങ്കിലും കമ്പനിയോടു സർക്കാർ പ്രത്യേക താൽപര്യം കാണിച്ചതായോ കണ്ടെത്താനായിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കുിരുന്നു.