Sorry, you need to enable JavaScript to visit this website.

നിലനില്‍പ്പിനു വഴി തേടി ജെറ്റ് എയര്‍വേയ്‌സ് ഓഹരികള്‍ വില്‍ക്കുന്നു; ഒരു രൂപയ്ക്ക്!

മുംബൈ- കടക്കെണി കാരണം നഷ്ടത്തില്‍ മുങ്ങി പ്രതിസന്ധിയിലായ സ്വകാര്യ വിമാന കമ്പനി ജെറ്റ് എയര്‍വേയ്‌സിന്റെ ഭൂരിപക്ഷ ഓഹരികളും ഒരു രൂപ നിരക്കില്‍ വില്‍ക്കുന്നു. കമ്പനിയ്ക്കു വായ്പ നല്‍കിയ പൊതുമേഖലാ ബാങ്കുകളാണ് ഈ ഓഹരി വില്‍പ്പന നടത്തുന്നത്. പുതിയ നിക്ഷേപം സമാഹരിക്കാന്‍ ഇതു കമ്പനിക്ക് കൂടുതല്‍ സമയം നല്‍കും. സങ്കീര്‍ണമായ ഈ പ്രക്രിയ വ്യാഴാഴ്ച വോട്ടിനിട്ട് പാസാക്കിയേക്കും. ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാനുള്ള ശ്രമമാണിത്. നേരത്തെ ഓഹരി വില്‍പ്പനയിലൂടെ 24 ശതമാനം ഓഹരികള്‍ അബുദബി വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ്  സ്വന്തമാക്കിയിരുന്നു. ലോകത്തെ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ള വ്യോമയാന മേഖലയായ ഇന്ത്യയില്‍ ഇപ്പോള്‍ കമ്പനിക്ക് 13.9 ശതമാനം വിപണി വിഹിതം ഉണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ബാങ്കുകള്‍ ഓഹരി ഒന്നിനു ഒരു രൂപാ നിരക്കില്‍ 50.1 ശതമാനം ഓഹരികളും വാങ്ങാന്‍ നീക്കം നടത്തുന്നത്. 114 ദശലക്ഷം പുതിയ ഓഹരികള്‍ ഇഷ്യൂ ചെയ്താണ് ഇത്. കട പ്രതിസന്ധിയിലായ കമ്പനികളെ രക്ഷിക്കാന്‍ ഇത്തരമൊരു താല്‍ക്കാലിക പദ്ധതിക്ക് അംഗീകാരം നല്‍കിയത് റിസര്‍വ് ബാങ്കാണ്. എന്നാല്‍ ഇതിനു വായ്പ നല്‍കിയ ബാങ്കുകളും കമ്പനി സ്ഥാപകന്‍ നരേഷ് ഗോയലും ഇത്തിഹാദ് ബോര്‍ഡും അംഗീകാരം നല്‍കേണ്ടതുണ്ട്. ഇതൊരു താല്‍ക്കാലിക രക്ഷാ മാര്‍ഗമാണ്. ഇതിലൂടെ കമ്പനിക്ക് പുതിയ നിക്ഷേപം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ 8500 കോടി രൂപ ലഭിച്ചാലെ കമ്പനിക്ക് സ്വന്തം കാലില്‍ നില്‍ക്കാവുന്ന സ്ഥിതിയിലേക്ക് തിരിച്ചെത്താനാകൂ. വിമാനങ്ങള്‍ വിറ്റും വാടകയ്ക്ക് തിരികെ നല്‍കിയും ആസ്തികള്‍ വിറ്റുമെല്ലാം കമ്പനിക്ക് ഈ ബാധ്യത ലഘൂകരിക്കേണ്ടി വരും.

പുതിയ നിക്ഷേപങ്ങള്‍ക്കായി ജെറ്റ് എയര്‍വേയ്‌സ് ഇത്തിഹാദുമായും ടാറ്റാ ഗ്രൂപ്പുമായും ബന്ധപ്പെട്ടിട്ടുണ്ട്. 25 ശതമാനം ഓഹരി നിലനിര്‍ത്തുകയാണെങ്കില്‍ 700 കോടി രൂപ ഇറക്കാന്‍ ഗോയല്‍ ഒരുക്കമാണെന്നറിയിച്ചിട്ടുണ്ട്. ഇത്തിഹാദ് പുതുതായി 1400 കോടി രൂപ കൂടി നിക്ഷേപമിറക്കി തങ്ങളുടെ ഓഹരികള്‍ നിലനിര്‍ത്തിയേക്കും. നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് 1300 കോടി രൂപയും നിക്ഷേപിച്ചേക്കുമെന്ന് ഇടി നൗ റിപോര്‍ട്ട് ചെയ്യുന്നു. 

ഇ്യയിലെ പൂര്‍ണ സര്‍വീസുള്ള മുന്‍നിര വിമാന കമ്പനികളിലൊന്നായ ജെറ്റ് മികച്ച പ്രകടനം നടത്തി വരുന്നതിനിടെ ബജറ്റ് സര്‍വീസുകളുമായി വിമാന കമ്പനികള്‍ ചെറിയ നിരക്കില്‍ യാത്ര സൗകര്യം ഒരുക്കിയതോടെയാണ് ജെറ്റിന്റെ കഷ്ടക്കാലത്തിനു തുടക്കം. മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ നിരക്കുകള്‍ ഗണ്യമായി കുറക്കേണ്ടി വന്നു. ഇതിനു പുറമെ 30 ശതമാനത്തോളം ഇന്ധന നികുതിയും യാത്രക്കാര്‍ക്കു നല്‍കുന്ന മറ്റു സൗകര്യങ്ങളും കാരണം ചെലവുകള്‍ വര്‍ധിച്ചു. പൂര്‍ണ സര്‍വീസുള്ള വിമാന കമ്പനികള്‍ എല്ലാ സൗകര്യവും സൗജന്യമായാണ് നല്‍കുന്നത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ രണ്ടു വര്‍ഷം മാറ്റി നിര്‍ത്തിയാല്‍ ജെറ്റ് എയര്‍വേയ്‌സിനുണ്ടായ നഷ്ടം 7,299 കോടി രൂപയുടേതാണ്. വായ്പാ തിരിച്ചടവുകളും ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണവുമെല്ലാം മുടങ്ങി പ്രതിസന്ധിയാണിപ്പോള്‍.
 

Latest News