ന്യൂദൽഹി - സൗദി ജയിലുകളിൽ കഴിയുന്ന 850 ഇന്ത്യൻ തടവുകാരെ വിട്ടയക്കുന്നതിന് സൗദി കിരീടാവകാശി ഉത്തരവിട്ടതായും ഇന്ത്യൻ വിദേശ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപേക്ഷ മാനിച്ചാണ് ഇന്ത്യൻ തടവുകാരെ വിട്ടയക്കുന്നതിന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉത്തരവിട്ടത്. ഇന്ത്യയുടെ ഹജ് ക്വാട്ട രണ്ടു ലക്ഷമായി സൗദി അറേബ്യ ഉയർത്തി. മൂന്നു വർഷത്തിനിടെ മൂന്നാം തവണയാണ് ഇന്ത്യയുടെ ഹജ് ക്വാട്ട സൗദി അറേബ്യ ഉയർത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നടത്തിയ ചർച്ചകൾക്കു ശേഷം ഇന്ത്യൻ വിദേശ മന്ത്രാലയമാണ് ഹജ് ക്വാട്ട ഉയർത്തുന്നതിനുള്ള സൗദി തീരുമാനം അറിയിച്ചത്. പുതിയ തീരുമാനം അനുസരിച്ച് ഇന്ത്യയിൽനിന്ന് ഈ വർഷം കാൽ ലക്ഷത്തോളം പേർക്ക് കൂടി ഹജിന് അവസരം ലഭിക്കും.