ന്യൂദല്‍ഹി- ഇന്ത്യയും അറബ് ജനതയും തമ്മിലുള്ള നൂറ്റാണ്ടുകളുടെ സൗഹൃദ പാരമ്പര്യം ഉണര്‍ത്തിയും സമകാലിക പ്രശ്‌നങ്ങളില്‍ പരിഹാരം നിര്‍ദേശിച്ചും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യയുടെ മനസ്സി കീഴക്കി. വരുംതലമുറകളുടെ ശോഭന ഭാവിക്ക് വേണ്ടി എന്തു ചെയ്യാനാകുമെന്നാണ് അദ്ദേഹം ഇന്ത്യന്‍ നേതാക്കളുമായി പ്രധാനമായും ചര്‍ച്ച ചെയ്തത്.
രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ സല്‍മാന്‍ രാജകുമാരന് നല്‍കിയ വരവേല്‍പ് പ്രൗഢഗംഭീരമായിരുന്നു. കേന്ദ്ര സര്‍ക്കാരിനെ പോലെ തന്നെ ദേശീയ മാധ്യമങ്ങളും രാജകുമാരന്റെ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയത്.
ഇന്ത്യയുമായുള്ള സൗഹൃദത്തെ വിവരിക്കാനും അത് മെച്ചപ്പെടുത്താനുമുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനുമാണ് നേതാക്കളുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം ശ്രദ്ധിച്ചത്.
സൗദിയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ഇരുരാജ്യങ്ങളുടേയും ഡി.എന്‍.എയില്‍തന്നെ ഉള്ളതാണെന്നും അതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനന്തമായ സാധ്യതകളാണ് ഇന്ത്യക്കും സൗദി അറേബ്യക്കും മുന്നിലുള്ളതെന്നും അവ രണ്ട് രാജ്യങ്ങളിലേയും ജനങ്ങളുടെ നേട്ടങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിനും സഹകരണത്തിലൂടെ സാധിക്കും. ഇതുവഴി ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമായ തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും. ഇന്ത്യയില്‍ സൗദി നിക്ഷേപം വര്‍ധിപ്പിക്കുന്നതിലൂടെ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും രാജകുമാരന്‍ ഉണര്‍ത്തി.
ഭീകരതയും തീവ്രവാദവും ഇരുരാജ്യങ്ങളും നേരിടുന്ന വിപത്താണെന്നും അതിനെ ഉന്മൂലനം ചെയ്യുന്നതിന് സഹകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യയുമായി ഇന്റലിജന്‍സ് വിവരങ്ങള്‍ സൗദി ഒരുക്കമാണെന്നും രാജകുമാരന്‍ പറഞ്ഞു.