Sorry, you need to enable JavaScript to visit this website.

പാർട്ടിയെ രക്ഷിക്കാൻ  പവാർ പരിവാർ

  • പവാർ കുടുംബത്തിൽനിന്ന് നാലു പേർ മത്സരിക്കാനൊരുങ്ങുന്നു

മഹാരാഷ്ട്രയിൽ എൻ.സി.പിക്ക് കരുത്തേകാൻ പവാർ കുടുംബം കൂട്ടത്തോടെ മത്സര രംഗത്ത് ഇറങ്ങുകയാണ്. മുൻ കേന്ദ്ര മന്ത്രിയും മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായിരുന്ന ശരദ് പവാറിന്റെ കുടുംബത്തിൽ നിന്ന് അദ്ദേഹമുൾപ്പെടെ നാല് പേർ മത്സര രംഗത്തുണ്ടാവും. പവാർ കുടുംബത്തിന്റെ ശക്തമായ സാന്നിധ്യം തെരഞ്ഞെടുപ്പിൽ എൻ.സി.പിക്ക് ഗുണം ചെയ്യുമെന്നാണ് പാർട്ടി നേതാക്കളും പറയുന്നത്. 
പവാറിന്റെ പുത്രി സുപ്രിയ സൂലെ മൂന്നാം തവണയും ബാരാമതിയിൽ നിന്ന് ജനവിധി തേടുമെന്ന് ഏതാണ്ടുറപ്പാണ്. ശരദ് പവാറിന്റെ അനന്തരവനും മഹാരാഷ്ട്രാ മുൻ ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ ഷിരൂരിൽ മത്സരിക്കുമെന്നാണ് സൂചന. അജിത് പവാറിന്റെ മകൻ പാർഥ് പവാറിനായി മാവൽ ലോക്‌സഭാ മണ്ഡലമാണ് കണ്ടുവെച്ചിരിക്കുന്നത്. ശരദ് പവാറിന്റെ ജ്യേഷ്ഠൻ അപ്പാസാഹെബ് പവാറിന്റെ പേരമകൻ രോഹിത് പവാറും മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ രോഹിതിന് സീറ്റ് കിട്ടില്ലെന്നാണ് സൂചന. 
2014 ലെ തെരഞ്ഞെടുപ്പിൽ പവാർ കുടുംബത്തിൽ നിന്ന് ഒരാളേ മത്സരിച്ചിരുന്നുള്ളൂ, സുപ്രിയ സൂലെ. ഇത്തവണ കൂടുതൽ പവാർ കുടുംബാംഗങ്ങൾ മത്സരിക്കുന്നത് മറ്റു മണ്ഡലങ്ങളിലും എൻ.സി.പിയെ സഹായിക്കുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്. 
എൻ.സി.പിയുടെ സ്ഥാനാർഥി നിർണയ കമ്മിറ്റിയിലെ അംഗമായിരിക്കെ തന്നെ താൻ മത്സരിക്കാൻ സന്നദ്ധനാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് അജിത് പവാർ. അദ്ദേഹം നോട്ടമിട്ട ഷിരൂർ ശിവസേന ഒന്നരപ്പതിറ്റാണ്ടോളമായി കുത്തകയാക്കി വെച്ച സീറ്റാണ്. സേനയുടെ സ്ഥാനാർഥി ശിവാജിറാവു അദൽറാവു പാട്ടീൽ വൻ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്ന് ജയിക്കുന്നത്. അജിത് പവാർ 1991 ൽ ബാരാമതിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നരസിംഹ റാവു സർക്കാരിൽ ശരത് പവാർ പ്രതിരോധ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന് മത്സരിക്കാൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു. ബാരാമതിയിൽ നിന്നാണ് ആറു തവണ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടത്. 
മാവലിൽ സമീപകാലത്തായി നിരന്തര സന്ദർശകനാണ് പാർഥ് പവാർ. പാർട്ടി അംഗീകരിക്കുകയാണെങ്കിൽ മത്സരിക്കാൻ സന്നദ്ധനാണെന്ന് പാർഥും പ്രഖ്യാപിച്ചിട്ടുണ്ട്. 2008 ലാണ് മാവൽ ലോക്‌സഭാ മണ്ഡലമായത്. കഴിഞ്ഞ രണ്ടു തവണയും ശിവസേനയാണ് ഇവിടെയും ജയിച്ചത്. ശിവസേനയുടെ ഗജാനൻ ബബാറിന് 2009 ൽ 80,000 വോട്ടിന്റെയും 2014 ൽ ശിവസേനയുടെ തന്നെ ശ്രീരംഗ് ബാർണെക്ക് 1.57 ലക്ഷം വോട്ടിന്റെയും ഭൂരിപക്ഷമുണ്ടായിരുന്നു.  

Latest News