Sorry, you need to enable JavaScript to visit this website.

സുഷമക്ക് പകരം ആര്?

ഇരുപത്തഞ്ചാം വയസ്സിൽ മന്ത്രി, ഏഴു തവണ ലോക്‌സഭാംഗം, ബി.ജെ.പിയുടെ ദുരിത കാലത്തും പ്രതാപ കാലത്തും അടിയുറച്ച് ഒപ്പം നിന്ന പോരാളി... 
പാർലമെന്റിലും പുറത്തും സുഷമാ സ്വരാജായിരുന്നു എന്നും ബി.ജെ.പിയുടെ വനിതാ മുഖം. അടുത്ത ഇലക്ഷനിൽ താൻ മത്സരത്തിനില്ലെന്ന സുഷമയുടെ പ്രഖ്യാപനം പലരെയും ഞെട്ടിച്ചു. ആരായിരിക്കും അടുത്ത ഇലക്ഷനിൽ ബി.ജെ.പിയുടെ ഒന്നാം നമ്പർ വനിതാ ലീഡർ?

മോഡി മന്ത്രിസഭയിലെ വിദേക മന്ത്രി സ്ഥാനം സുഷമക്ക് സമ്മിശ്ര വികാരമാണ് സമ്മാനിച്ചത്. മോഡി വിരുദ്ധ ക്യാമ്പിലായിരുന്നു 2014 വരെ സുഷമ. അദ്വാനിയുടെ ഇഷ്ടക്കാരിയായിരുന്നു. കഴിവുള്ളവരെ കണ്ടെത്താൻ ബുദ്ധിമുട്ടിയ പ്രധാനമന്ത്രി അവർക്ക് നല്ല വകുപ്പ് നൽകാൻ നിർബന്ധിതനാവുകയായിരുന്നു. മനുഷ്യ വിഭവ ശേഷി മന്ത്രിയായി സ്മൃതി ഇറാനിയെ കൊണ്ടുവന്ന് സുഷമയെ നിഴലിൽ നിർത്താൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ വലിയ വിദ്യാഭ്യാസ നിലവാരമില്ലാത്ത സ്മൃതി ഈ വകുപ്പിൽ വൻ പരാജയമായി. അതോടെ അവരെ താരതമ്യേന അപ്രധാന വകുപ്പിലേക്ക് മാറ്റി. നിർമല സീതാരാമനെ പ്രതിരോധ മന്ത്രിയായി അവരോധിച്ചു. റഫാൽ കരാറിൽ പ്രധാനമന്ത്രിയെ പാർലമെന്റിലും പുറത്തും പ്രതിരോധിക്കാൻ ഉറച്ചുനിന്ന രണ്ടു പേരിലൊരാളാണ് നിർമല സീതാരാമൻ. അരുൺ ജയ്റ്റ്‌ലിയാണ് രണ്ടാമൻ. 
പക്ഷേ വിദേശ മന്ത്രിയെന്ന നിലയിൽ തന്റേതായ ഇടം കണ്ടെത്താൻ സുഷമ ശ്രമിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ പ്രവാസി വിഷയങ്ങളിൽ ഇടപെട്ട് അവർ വാർത്തകളിൽ നിറഞ്ഞുനിന്നു. എന്നാൽ നയപരമായ കാര്യങ്ങളെടുക്കാൻ അവർക്ക് പ്രധാനമന്ത്രി ഇടം നൽകിയില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ഫലത്തിൽ വിദേശകാര്യ മന്ത്രാലയമായി പ്രവർത്തിച്ചു. ഒരു മുസ്‌ലിമിനെ വിവാഹം കഴിച്ച സ്ത്രീയെ വിദേശ മന്ത്രാലയത്തിലെ ഒരു ജീവനക്കാരൻ അപമാനിച്ച സംഭവത്തിൽ ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് സുഷമ പറഞ്ഞത് സംഘപരിവാറിന്റെ പരസ്യമായ ആക്രമണത്തിന് കാരണമായി. സോഷ്യൽ മീഡിയയിൽ സുഷമ നിർദയം ട്രോൾ ചെയ്യപ്പെട്ടപ്പോൾ ബി.ജെ.പി നേതാക്കൾ കണ്ടില്ലെന്നു നടിച്ചു. 
ആരോഗ്യ കാരണങ്ങൾ പറഞ്ഞാണ് അറുപത്താറുകാരി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. സുഷമക്ക് ഈയിടെ കിഡ്‌നി മാറ്റ ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു. ഒരു മണ്ഡലം നോക്കി നടക്കാനുള്ള ആരോഗ്യം തനിക്കില്ലെന്നാണ് സുഷമ പറയുന്നത്. പാർട്ടി അവർക്ക് രാജ്യസഭയിലേക്ക് അവസരം നൽകുമോയെന്ന് കണ്ടറിയണം. 
സുഷമ സ്വരാജ് മാത്രമല്ല ഇത്തവണ മത്സരിക്കാത്തത്. ഉമാ ഭാരതിയും വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഉമാ ഭാരതി എന്നും സംഘപരിവാറിനോടാണ് സംസാരിക്കാറ്. അതേസമയം പൊതു സമൂഹത്തോട് സംസാരിക്കാനുള്ള ഭാഷ സുഷമക്കുണ്ട്. ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജനാണ് ബി.ജെ.പിയുടെ മറ്റൊരു വനിതാ മുഖം. എട്ടാം തവണയാണ് 2014 ൽ അവർ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ സംവാദങ്ങളിൽ പിടിച്ചുനിൽക്കാനുള്ള ശേഷി സുമിത്രാ മഹാജന് ഇല്ല.
സ്മൃതി ഇറാനിയോ നിര്‍മലാ സീതാരാമനോ ആയിരിക്കും 2019 ൽ ബി.ജെ.പിയുടെ പ്രധാനപ്പെട്ട വനിതാ ലീഡർ. സ്മൃതി ഇതുവരെ തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടില്ല. 2009 ൽ കപിൽ സിബലിനെതിരെയും 2014 ൽ രാഹുൽ ഗാന്ധിക്കെതിരെയും മത്സരിപ്പിച്ചതിലൂടെ അവരുടെ വില പാർട്ടി അംഗീകരിച്ചുവെന്നു മാത്രം. അമേത്തിയെ 2014 നു ശേഷം പ്രത്യേകം അവർ നോട്ടമിട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയെ ആക്രമിക്കാനുള്ള ഒരവസരവും കൈവിടാറില്ല. സ്മൃതി നേരത്തെ മോഡി വിരുദ്ധ ക്യാമ്പിലായിരുന്നു. എന്നാൽ മോഡി പ്രധാനമന്ത്രിയായതോടെ അവർ പൂർണമായ വിധേയത്വം പ്രഖ്യാപിച്ചു. മോഡി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്ന ദിവസം താനും വിടവാങ്ങുമെന്ന പ്രഖ്യാപനത്തിലൂടെ വിധേയത്വത്തിന്റെ മാറ്റ് തെളിയിക്കുകയും ചെയ്തു. 
അതേസമയം നിർമല സീതാരാമന് പൊതുസമൂഹത്തിന്റെ പിന്തുണ ആർജിക്കാനുള്ള കഴിവുണ്ട്. എന്നാൽ നിർമല ഇതുവരെ ഇലക്ഷനിൽ മത്സരിച്ചിട്ടില്ല. ജനകീയ നേതാവുമല്ല. തമിഴ്‌നാട്ടിൽ ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ സഖ്യം നിലവിൽ വരികയാണെങ്കിൽ നിർമല സൗത്ത് ചെന്നൈയിൽ നിന്ന് മത്സരിക്കാൻ സാധ്യതയേറെയാണ്. നടി വൈജയന്തിമാല ബാലി ഏറെക്കാലം ജയിച്ചിരുന്ന മണ്ഡലമാണ് ഇത്. മധുരയിലാണ് നിർമല ജനിച്ചത്. ജവാഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥി നേതാവാകും മുമ്പ് പഠിച്ചത് സീതാലക്ഷ്മി രാമസ്വാമി കോളേജിലും. നിർമലയെ തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിപ്പിക്കണമെന്ന് കേരളാ ബി.ജെ.പി ഘടകം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ശബരിമല വിവാദത്തിന്റെ ആനുകൂല്യത്തിൽ തിരുവനന്തപുരത്ത് ജയിച്ചുകയറാമെന്ന് ബി.ജെ.പി കരുതുന്നു. നിർമലയെപ്പോലൊരു പ്രമുഖ നേതാവ് കേരളത്തിൽ മത്സരിക്കുന്നത് സംസ്ഥാനത്ത് ബി.ജെ.പിക്ക് വലിയ ആവേശം സൃഷ്ടിക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു.  

Latest News