മാലെ- മാലിദ്വീപില്‍ പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ച പ്രതികാരം ചെയ്ത മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീന്‍ കള്ളപ്പണ കേസില്‍ കുരുക്കിലായി. യമീനെ അറസ്റ്റ് ചെയ്യണമെന്ന് തിങ്കളാഴ്ച കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതിനു മുമ്പ് അനധികൃത ഇടപാടുകളിലൂടെ യമീന്‍ 15 ലക്ഷം ഡോളര്‍ സ്വീകരിച്ചെന്ന കേസില്‍ കോടതി പ്രാഥമിക വാദം കേള്‍ക്കല്‍ തുടങ്ങിയതിനു പിന്നാലെയാണ് അറസ്റ്റ്. കേസിലെ സാക്ഷികള്‍ക്ക് കൈക്കൂലി നല്‍കാന്‍ യമീന്‍ ശ്രമിച്ചിരുന്നതായും പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. അറസ്റ്റ് ചെയ്ത യമീനെ താമസിയാതെ ദൂനിദൂ ജയില്‍ ദ്വീപിലേക്കു മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. കുറ്റം ചുമത്തുന്നതിനായി ഞായറാഴ്ച ക്രിമിനല്‍ കോടതി യമീനെ കോടതിയിലേക്ക് വിളിച്ചു വരുത്തിയിരുന്നു.
അനധികൃതമായി യമീന്‍ സ്വന്തമാക്കിയ ദശലക്ഷണക്കണക്കിന് ഡോളര്‍ വിദേശത്ത് ഒളിപ്പിച്ചിരിക്കുന്നുവെന്നാണ് അധികൃതരുടെ സംശയം. യമീന്റെ നിക്ഷേപങ്ങളുള്ള വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുവരികയാണെന്നും അവര്‍ അറിയിച്ചു. മാലിദ്വീപിലെ യമീന്റെ 65 ലക്ഷം ഡോളറുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ യമീന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.