ഹേഗ്- അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യയുടെ വിദേശകാര്യ ജോയിന്റ് സെക്രട്ടറി പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥന്റെ ഹസ്തദാനം നിരസിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കെ, വിദേശകാര്യ ജോയിന്റെ സെക്രട്ടറി ദീപക് മിത്തല്‍ കൈക്കൊണ്ട രീതി പാക് ഉദ്യോഗസ്ഥന്റെ മുഖത്തേറ്റ അടി പോലെയായി.
കുല്‍ഭൂഷണ്‍ ജാദവ് കേസിലെ തുടര്‍നടപടികള്‍ക്കായാണ് മിത്തലും പാക്കിസ്ഥാന്റെ അഡ്വക്കേറ്റ് ജനറല്‍ അന്‍വര്‍ മന്‍സൂര്‍ ഖാനും ഹേഗിലെ കോടതിയിലെത്തിയത്. വാദങ്ങള്‍ അവതരിപ്പിക്കുന്നതിനു മുമ്പാണ് അന്‍വര്‍ മന്‍സൂര്‍ കൈനീട്ടിയത്. എന്നാല്‍ മിത്തല്‍ കൈ കൊടുക്കാതെ കൈ കൂപ്പി നമസ്‌തേ എന്നു പറയുക മാത്രം ചെയ്തു.
അന്താരാഷ്ട്ര വേദിയില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ ഹസ്തദാനം വിസമ്മതിച്ച് പാക്കിസ്ഥാനെ പ്രതിഷേധം അറിയിക്കുന്നത്. 2017 മേയിലും അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ പാക്കിസ്ഥാന്‍ പ്രതിനിധികള്‍ക്ക് ഹസ്തദാനം വിസമ്മതിച്ചിരുന്നു.
തിങ്കളാഴ്ച കോടതി നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് പാക്കിസ്ഥാന്‍ ദക്ഷിണേഷ്യന്‍ കാര്യങ്ങള്‍ക്കായുള്ള ഡി.ജി മുഹമ്മദ് ഫൈസലിനും ദീപക് മിത്തല്‍ കൈ നല്‍കിയിരുന്നില്ല. വിദേശമന്ത്രാലയത്തില്‍ പാക്കിസ്ഥാന്‍ വകുപ്പിന്റെ മേധാവിയാണ് ദീപക് മിത്തല്‍.