ശക്തമായ ഭരണവിരുദ്ധ
വികാരം മറികടക്കാൻ കായിക, കലാ രംഗങ്ങളിലെ നിരവധി
പേരെ സ്ഥാനാർഥികളാക്കാൻ ബി.ജെ.പി ആലോചിക്കുന്നുണ്ട്. ഐ.എം. വിജയനുൾപ്പെടെയുള്ളവരെ തേടി കോൺഗ്രസും
രംഗത്തിറങ്ങി. കീർത്തി ആസാദ് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തുന്നത് ടിക്കറ്റ് മുന്നിൽ കണ്ടാണ്. വിരാട് കോഹ്‌ലിയും
സചിൻ ടെണ്ടുൽക്കറും ബി.ജെ.പിയിൽ ചേർന്നതായി വ്യാജപ്രചാരണവും
വൈറലാവുകയാണ്.
സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ കായിക താരങ്ങൾ ഇലക്ഷൻ പോരാട്ടത്തിനിറങ്ങിയിട്ടുണ്ട്. 1932 ൽ ബി.ആർ അംബേദ്കർ എന്ന ദലിത് സിംഹത്തെ മെരുക്കാൻ മഹാത്മാഗാന്ധി നിയോഗിച്ചത് പൽവാങ്കർ ബാലു എന്ന ദലിത് ക്രിക്കറ്ററെയാണ്. എങ്കിലും കായിക, കലാ രംഗത്തു നിന്ന് പ്രമുഖരെ മത്സരിപ്പിക്കുന്നത് ഇലക്ഷൻ തന്ത്രമെന്ന നിലയിൽ സജീവമായത് സമീപകാലത്താണ്. സാധാരണഗതിയിൽ ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിലും സിറ്റിംഗ് ജനപ്രതിനിധിക്കെതിരെ പ്രതിഷേധം ശക്തമായ മണ്ഡലങ്ങളിലുമാണ് മിക്കപ്പോഴും ഇത്തരം സെലിബ്രിറ്റികൾക്കു നറുക്കു വീഴാറ്. ജയം ഉറപ്പായ മണ്ഡലങ്ങൾ സെലിബ്രിറ്റികൾക്കു കിട്ടാറില്ല.
2014 ൽ വിജയിച്ച ഏറ്റവും വലിയ സ്‌പോർട്‌സ് സെലിബ്രിറ്റി രാജ്യവർധൻ സിംഗ് റാത്തോഡ് ആയിരുന്നു. ഒളിംപിക് വെള്ളി മെഡലുകാരനായ കേണൽ റാത്തോഡിനെ മന്ത്രിസഭയിലുൾപെടുത്തിയപ്പോൾ സ്‌പോർട്‌സ് വകുപ്പാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ പലരെയും മാറിമാറിപ്പരീക്ഷിച്ചു പരാജയപ്പെട്ടപ്പോഴാണ് റോത്തോഡിന്റെ കൈയിൽ സ്‌പോർട്‌സ് വകുപ്പെത്തിയത്.
അടുത്ത തെരഞ്ഞെടുപ്പിന് വിളംബരമുയരുമ്പോൾ പല കായിക താരങ്ങളുടെയും പേരുകളാണ് പറഞ്ഞു കേൾക്കുന്നത്. മുൻ ഇന്ത്യൻ ഓപണർ ഗൗതം ഗംഭീറാണ് ഇതിൽ പ്രധാനം. ഐ.എം. വിജയനെ ആലത്തൂരിൽ മത്സരിക്കാൻ കോൺഗ്രസ് സമീപിച്ചിരുന്നു.
മുൻ ഇന്ത്യൻ ഓൾറൗണ്ടർ കീർത്തി ആസാദ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരുന്നതും സീറ്റ് മോഹിച്ചാണ്. മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഇപ്പോൾ തെലങ്കാനയിൽ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റാണ്. അസ്ഹറുദ്ദീൻ ഉത്തർപ്രദേശിൽ നിന്ന് 2009 ൽ അപ്രതീക്ഷിതമായി കോൺഗ്രസ് ടിക്കറ്റിൽ ജയിക്കുകയും ചെയ്തിരുന്നു.
ഗംഭീർ കഴിഞ്ഞ ഇലക്ഷനിൽ ബി.ജെ.പിക്കു വേണ്ടി പ്രചാരണം നടത്തിയിരുന്നു. ഇത്തവണ ദൽഹിയിലെ ഏഴ് പാർലമെന്റ് സീറ്റുകളിലൊന്നിൽ ഗംഭീറിനെ മത്സരിപ്പിക്കുമെന്നാണ് ശ്രുതി. വിജയനെ ആലത്തൂരിൽ മത്സരിപ്പിക്കാൻ ശ്രമിച്ചതായി കോൺഗ്രസ് വക്താവ് പന്തളം സുധാകരൻ സ്ഥിരീകരിച്ചു. തനിക്ക് കോൺഗ്രസിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും സഹായം കിട്ടിയെന്നു പറഞ്ഞ് വിജയൻ ഒഴിഞ്ഞുമാറുകയായിരുന്നു. സി.പി.എം കോട്ടയായ ആലത്തൂർ പിടിക്കാൻ ജനപ്രിയനായ ഒരാളെ തേടുകയാണ് കോൺഗ്രസ്.
1983 ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ ഓൾറൗണ്ടറായ കീർത്തി ആസാദിനെ ബിഹാറിലെ ദർഭംഗയിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. കോൺഗ്രസുകാരനായ മുൻ ബിഹാർ മുഖ്യമന്ത്രി ഭഗവത് ഝാ ആസാദിന്റെ മകനാണെങ്കിലും ബി.ജെ.പിയിലാണ് കീർത്തി രാഷ്ട്രീയം തുടങ്ങിയത്. ദൽഹിയിലെ ഗോൾ മാർക്കറ്റ് നിയമസഭാ സീറ്റിൽ നിന്ന് കീർത്തി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ദർബംഗയിൽ നിന്ന് മൂന്നു തവണ എം.പിയായി. ഇപ്പോൾ മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്നു. അരുൺ ജെയ്റ്റ്‌ലി നേതൃത്വം നൽകിയിരുന്ന ദൽഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിക്കെതിരായ പോരാട്ടമാണ് കീർത്തിയെ പാർട്ടിക്ക് അനഭിമതനാക്കിയത്. 2015 ൽ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടു. ജെയ്റ്റ്‌ലി പേരെടുത്ത് വിമർശിച്ചതായിരുന്നു കാരണം. ഭാര്യ പൂനം ആസാദ് 2016 ൽ എ.എ.പിയിൽ ചേർന്നിരുന്നു. പിന്നീട് രാജിവെച്ച് കോൺഗ്രസിലെത്തി. തന്നെ മത്സരിപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ പാർട്ടി ഇപ്പോൾ രണ്ടര ആളുകളുടെ ഏകാധിപത്യത്തിലാണെന്നും കീർത്തി കുറ്റപ്പെടുത്തി.
അതിനിടെ, ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ഗംഭീറും സൂപ്പർ താരം സചിൻ ടെണ്ടുൽക്കറും ബി.ജെ.പിയിൽ ചേർന്നതായി വ്യാജവാർത്ത വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 18 ലക്ഷം ഫോളോവേഴ്‌സ് ഉള്ള ഫെയ്‌സ്ബുക്ക് പെയ്ജാണ് വാർത്തയുടെ ഉറവിടം. സചിനെ കോൺഗ്രസാണ് രാജ്യസഭാംഗമാക്കിയത്.
ബൈചുംഗ് ബൂട്ടിയ, കൃഷ്ണ പൂനിയ, ജ്യോതിർമയി സിക്ദർ, ചേതൻ ചൗഹാൻ, പ്രസൂൺ ബാനർജി, ശ്രീശാന്ത് തുടങ്ങി കായിക രംഗത്ത് സജീവമായ പലരും സമീപകാലത്ത് ഇലക്ഷൻ ഗോദയിൽ ഇറങ്ങിയിട്ടുണ്ട്.