പലർക്കും പലതാണ് ഇന്ത്യ-പാക് ക്രിക്കറ്റ്. രാഷ്ട്രീയക്കാരും മാധ്യമങ്ങളും അതിന്
കളിക്കപ്പുറത്തേക്കുള്ള മാനങ്ങൾ നൽകിയിരുന്നു. ബദ്ധവൈരത്തിന്റെ ചരിത്രമുള്ള നിരവധി
പോരാട്ടങ്ങളുണ്ട്. ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടങ്ങളെ ഇതിൽനിന്ന് വ്യത്യസ്തമാക്കുന്നത് സാമുദായികതയുടെ
വെടിമരുന്നു കൂടി അതിൽ ഇഴചേർന്നിരിക്കുന്നു എന്നതാണ്. അതിർത്തിയിൽ സൈനികർ മുഖാമുഖം
നിൽക്കുന്നത് ഈ പോരാട്ടങ്ങളെ പലപ്പോഴും സ്‌ഫോടനാത്മകമാക്കുന്നു.
ഷാർജയിൽ ചേതൻ ശർമക്കെതിരെ ജാവീദ് മിയാൻദാദിന്റെ അവസാന ബോൾ സിക്‌സർ, വാൻഡറേഴ്‌സിൽ ശുഐബ് അഖ്തറിന്റെ എക്‌സ്പ്രസ് പെയ്‌സ് പിച്ചിച്ചീന്തിയ സചിൻ ടെണ്ടുൽക്കറുടെ ബാറ്റിംഗ്, ബാംഗ്ലൂരിൽ വഖാർ യൂനുസിനെ അജയ് ജദേജ നിലംതൊടാതെ പറത്തിയത്, ചെന്നൈയിൽ സഈദ് അൻവറിന്റെ പട്ടിന്റെ പകിട്ടുള്ള സെഞ്ചുറി... നിരവധി അവിസ്മരണീയ മുഹൂർത്തങ്ങൾ നിറഞ്ഞതാണ് ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടങ്ങൾ. മറക്കാനാവാത്ത നേട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിജയനിമിഷങ്ങൾ പോലും ദിവസങ്ങൾക്കകം വിസ്മൃതിയിലേക്കു പോവാൻ മാത്രമുണ്ട് മത്സരങ്ങളുടെ ആധിക്യം. എന്നിട്ടും ഇന്ത്യ-പാക് പോരാട്ടങ്ങളിലെ സുവർണ നിമിഷങ്ങൾ ഇന്നും ആരാധകരുടെ മനസ്സിൽ തെളിമയോടെ നിൽക്കുന്നു.
പലർക്കും പലതാണ് ഇന്ത്യ-പാക് ക്രിക്കറ്റ്. രാഷ്ട്രീയക്കാരും മാധ്യമങ്ങളും അതിന് കളിക്കപ്പുറത്തേക്കുള്ള മാനങ്ങൾ നൽകിയിരുന്നു. ബ്രസീൽ-അർജന്റീന, അർജന്റീന-ഇംഗ്ലണ്ട് ഫുട്‌ബോൾ പോരാട്ടങ്ങൾ, ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരങ്ങൾ, ബാഴ്‌സലോണ-റയൽ മഡ്രീഡ്, ലിവർപൂൾ-മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബ് മത്സരങ്ങൾ തുടങ്ങി ബദ്ധവൈരത്തിന്റെ ചരിത്രമുള്ള നിരവധി പോരാട്ടങ്ങളുണ്ട്. ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടങ്ങളെ ഇതിൽനിന്ന് വ്യത്യസ്തമാക്കുന്നത് സാമുദായികതയുടെ വെടിമരുന്നു കൂടി അതിൽ ഇഴചേർന്നിരിക്കുന്നു എന്നതാണ്. അതിർത്തിയിൽ സൈനികർ മുഖാമുഖം നിൽക്കുന്നത് ഈ പോരാട്ടങ്ങളെ പലപ്പോഴും സ്‌ഫോടനാത്മകമാക്കുന്നു.
അതിർത്തി കടന്നുള്ള ഭീകരവാദം പാക്കിസ്ഥാൻ അവസാനിപ്പിക്കുന്നതുവരെ അവരുമായി കായികബന്ധം പുനരാരംഭിക്കില്ലെന്ന മോഡി സർക്കാരിന്റെ നിലപാട് ഫലത്തിൽ അപൂർവമായ ഇന്ത്യ-പാക് പോരാട്ടങ്ങൾക്ക് അർഹിച്ചതിനുമെത്രയോ അപ്പുറത്തുള്ള പ്രാധാന്യമാണ് നൽകുന്നത്. ടി.വി സംപ്രേഷണം ഏറ്റെടുത്തവർക്കും ടിക്കറ്റ് വിൽപനക്കാർക്കും ചാകരയാണ് ഈ മത്സരങ്ങൾ. ട്വന്റി20 ലോകകപ്പിൽ ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റ് 12 മിനിറ്റ് കൊണ്ടാണ് വിറ്റുപോയത്. ചാമ്പ്യൻസ് ട്രോഫിയിൽ ഞായറാഴ്ചയിലെ മത്സരത്തിന്റെ ടിക്കറ്റും ദിവസങ്ങൾക്കു മുമ്പെ വിറ്റഴിഞ്ഞു.
പൊതുവെ പാക്കിസ്ഥാൻ കായികരംഗത്തിന് അപചയത്തിന്റെ കാലമാണ് ഇത്. വർഷങ്ങളായി സ്വന്തം രാജ്യത്ത് കളിക്കാൻ അവസരം കിട്ടാതിരുന്നിട്ടും പാക്കിസ്ഥാൻ ടീം ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയതു മറക്കുന്നില്ല. എന്നാൽ യൂനുസ് ഖാനും മിസ്ബാഹുൽ ഹഖും വിരമിച്ചത് പാക്കിസ്ഥാൻ ടീമിനെ വല്ലാതെ ദുർബലമാക്കും. ഏകദിന ക്രിക്കറ്റിലും ഹോക്കിയിലും പാക്കിസ്ഥാന്റെ നില പരിതാപകരമാണ്. കഷ്ടിച്ചാണ് ചാമ്പ്യൻസ് ട്രോഫിക്ക് പാക്കിസ്ഥാൻ ബെർത്തുറപ്പിച്ചത്. എട്ടാമത്തെയും അവസാനത്തെയും സ്ഥാനമാണ് അവർക്കു ലഭിച്ചത്. ഹസൻ സർദാറും സമീഉല്ലയും സുഹൈൽ അബ്ബാസുമൊക്കെ സ്റ്റിക്ക് പിടിച്ച പാക്കിസ്ഥാൻ ഹോക്കി ഇന്ന് അധഃപതനത്തിന്റെ പടുകുഴിയിലാണ്. അതേസമയം ഇന്ത്യൻ ക്രിക്കറ്റിനും ഹോക്കിക്കും ഇത് ഉയർച്ചയുടെ കാലമാണ്. ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ. ചാമ്പ്യൻസ് ട്രോഫിയിൽ നിലവിലെ ജേതാക്കളാണ്. ഇന്ത്യൻ ഹോക്കിയും ഫുട്‌ബോളുമൊക്കെ തിരിച്ചുവരവിന്റെ പാതയിലാണ്. സ്‌ക്വാഷ് പോലെ പരമ്പരാഗതമായി പാക്കിസ്ഥാൻ ആധിപത്യം പുലർത്തിയിരുന്ന കായിക ഇനങ്ങളിൽ പോലും ഇന്ന് അവിടെനിന്ന് മികച്ച കളിക്കാർ ഉണ്ടാവുന്നില്ല.
ചാമ്പ്യൻസ് ട്രോഫിയിൽ കിരീടത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ആരാധകരെ തൃപ്തിപ്പെടുത്തില്ല. സെമിയിലെത്തിയാൽ പോലും പാക്കിസ്ഥാന് വല്ലാത്ത സംതൃപ്തിയായിരിക്കും. അതിനാൽ നാളത്തെ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം വലിയ ആവേശമൊന്നും സൃഷ്ടിക്കേണ്ടതല്ല. റാങ്കിംഗ് മാനദണ്ഡമാണെങ്കിൽ, പാക്കിസ്ഥാനെയും ശ്രീലങ്കയെയുംകാൾ മികച്ച ടീമാണ് ബംഗ്ലാദേശ്. എന്നാൽ മറ്റു പല ഘടകങ്ങൾ ഇന്ത്യ-പാക് മത്സരത്തിന് ജീവന്മരണ പോരാട്ടത്തിന്റെ പ്രതീതി പകർന്നിരിക്കുകയാണ്.
ഇന്ത്യയുടെ പടികയറ്റത്തിന്റെയും പാക്കിസ്ഥാന്റെ പടിയിറക്കത്തിന്റെയും കാലത്താണ് ഐ.സി.സി ടൂർണമെന്റുകളിൽ പലപ്പോഴും ഈ ടീമുകളുടെ ഏറ്റുമുട്ടലുകൾ. അഖ്തറും വഖാറും വസീം അക്രമും ഒരു വശത്തും സചിനും വീരേന്ദർ സെവാഗും രാഹുൽ ദ്രാവിഡും മറുവശത്തും അണിനിരന്ന 2003 ലെ ലോകകപ്പ് മത്സരം പോലെ അപൂർവമായേ അതു തുല്യശക്തികളുടെ ഏറ്റുമുട്ടലായിട്ടുള്ളൂ.
ഐ.സി.സി ടൂർണമെന്റുകളിൽ 14 തവണ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയിട്ടുണ്ട്. പന്ത്രണ്ടിലും ഇന്ത്യക്കായിരുന്നു ജയം. പാക്കിസ്ഥാന്റെ രണ്ടു ജയങ്ങളും ചാമ്പ്യൻസ് ട്രോഫിയിലാണ്. ലോകകപ്പുകളിൽ ഇന്ത്യക്ക് പരിപൂർണ റെക്കോർഡാണ്. എന്തിനേറെ, ട്വന്റി20 ലോകകപ്പിൽ ടൈ ആയ ഒരു കളിയിൽ സൂപ്പർ ഓവർ വേണ്ടി വന്നപ്പോഴും ഇന്ത്യയായിരുന്നു ജയിച്ചത്. പ്രഥമ ട്വന്റി20 ലോകകപ്പിൽ തോൽവിയുടെ വായിൽനിന്ന് ഇന്ത്യ വിജയം പിടിച്ചത് അധികമാരും മറക്കില്ല. ഇന്ത്യൻ ക്രിക്കറ്റിന് ശ്രീശാന്തിന്റെ ഏറ്റവും വലിയ സംഭാവനയായിരുന്നു ഫൈനലിൽ മിസ്ബാഹിന്റെ ക്യാച്ചെടുത്തത്. വൻ തകർച്ച നേരിട്ട പാക്കിസ്ഥാനെ ആ റമദാൻ ദിനത്തിൽ മിസ്ബാഹ് വിജയത്തിനടുത്തെത്തിച്ചതായിരുന്നു. ഒരു വിക്കറ്റ് ശേഷിക്കെ 13 റൺസ് വേണമായിരുന്നു അവസാന ഓവറിൽ പാക്കിസ്ഥാന് ജയിക്കാൻ. പ്രമുഖ ബൗളർമാരെയൊക്കെ അവസാനത്തേക്കു വെക്കാതിരുന്ന മഹേന്ദ്ര ധോണിക്ക് അവസാന ഓവർ ജോഗീന്ദർ ശർമ എന്ന ലെയ്റ്റ്‌വെയ്റ്റ് ബൗളറെ ഏൽപിക്കേണ്ടി വന്നു. വൈഡോടെയാണ് ജോഗീന്ദർ തുടങ്ങിയത്. രണ്ടാമത്തെ പന്ത് മിസ്ബാഹ് സിക്‌സറിനുയർത്തി. നാലു പന്തിൽ ആറ് റൺസെടുക്കുക ബുദ്ധിമുട്ടായിരുന്നില്ല. പക്ഷെ മിസ്ബാഹിന്റെ സ്‌കൂപ്പ് ഷോട് ഫൈൻലെഗിൽ ശ്രീശാന്തിന്റെ കൈകളിൽ. അത് ഇന്ത്യക്ക് ട്വന്റി20 ലോകകപ്പ് മാത്രമല്ല സമ്മാനിച്ചത്, ഏറ്റവും വിജയം നേടിയ ക്യാപ്റ്റൻ മഹേന്ദ്ര ധോണിയെ കൂടിയായിരുന്നു. നാഴികക്കല്ലുകളെ സ്‌നേഹിച്ച സചിൻ ടെണ്ടുൽക്കറുടെ കാലത്തുനിന്ന് ടീമിനുവേണ്ടി കളിക്കുന്ന കളിക്കാരിലേക്ക് അത് ഇന്ത്യയെ നയിച്ചു. ധോണിയുടെ ആ പാരമ്പര്യമാണ് വിരാട് കോഹ്‌ലിയും പിന്തുടർന്നത്.
ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പിൽ ആറു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ആറു തവണയും ഇന്ത്യ ജയിച്ചു. ട്വന്റി20 ലോകകപ്പിൽ അഞ്ചു തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കായിരുന്നു. 2007 ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ രണ്ടു തവണ ടീമുകൾ മുഖാമുഖം വന്നു. ഇന്ത്യയുടെ ഒമ്പതിന് 141 നെതിരെ ഏഴിന് 141 റൺസെടുത്ത് പാക്കിസ്ഥാൻ കളി ടൈ ആക്കി. ശ്രീശാന്ത് എറിഞ്ഞ അവസാന ഓവറിൽ 12 റൺസ് വേണമായിരുന്നു പാക്കിസ്ഥാന് ജയിക്കാൻ. അത് രണ്ടു പന്തിൽ ഒന്ന് എന്ന നിലയിലേക്ക് ചുരുങ്ങി. അവസാന പന്തിൽ ആ റണ്ണിനായി ഓടിയ മിസ്ബാഹ് റണ്ണൗട്ടായി. ബൗളൗട്ടിൽ ഇന്ത്യ ജയിച്ചു. ഫൈനലിൽ ഇന്ത്യയുടെ അഞ്ചിന് 157 പിന്തുടർന്ന പാക്കിസ്ഥാൻ പതിനാറാം ഓവറിൽ ഏഴിന് 104 ലേക്ക് തകർന്നു. മിസ്ബാഹ് ഒറ്റയാനായി അവരുടെ പോരാട്ടം നയിച്ചു. അവസാന നാലു പന്തിൽ ആറ് റൺസ് മതിയെന്ന ഘട്ടത്തിൽ മിസ്ബാഹിന് കണക്കുകൂട്ടൽ പിഴച്ചു. പിന്നീട് ട്വന്റി20 ലോകകപ്പിൽ മൂന്നു തവണ പാക്കിസ്ഥാനുമായി കളിച്ചപ്പോഴും ഇന്ത്യ അനായാസ വിജയങ്ങൾ സ്വന്തമാക്കി. ചാമ്പ്യൻസ് ട്രോഫിയിൽ മൂന്നു തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. അതിൽ രണ്ടു തവണ പാക്കിസ്ഥാൻ ജയിച്ചു. മേധാവിത്വത്തിന്റെ റെക്കോർഡ് ചാമ്പ്യൻസ് ട്രോഫിയിലും തുടരാൻ ഇന്ത്യക്കു കിട്ടുന്ന സുവർണാവസരമായിരിക്കും നാളത്തെ മത്സരം.