മുംബൈ: പുല്‍വാമ ജില്ലയിലെ അവന്തിപ്പൊരയില്‍ നടന്ന ഭീകരാക്രമണത്തെ കുറിച്ച് നടത്തിയ പ്രതികരണം നവജ്യോത് സിംഗ് സിദ്ദുവിന് വിനയായി. തന്റെ പ്രതികരണത്തിന്റെ പേരില്‍ പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ദുവിനെ ചാനല്‍ പരിപാടിയായ 'ദ കപില്‍ ശര്‍മ്മ ഷോ'യില്‍ നിന്ന് പുറത്താക്കി. സോണി ചാനലിലെ പ്രശസ്ത കോമഡി പരിപാടിയാണ് 'ദ കപില്‍ ശര്‍മ്മ ഷോ'.
തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തികള്‍ക്ക് ഒരു രാഷ്ട്രത്തെ മുഴുവന്‍ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും ഭീകരവാദികള്‍ക്ക് മതമോ വിഭാഗമോ ദേശാതിര്‍ത്തിയോ ഇല്ലെന്നും സിദ്ദു പറഞ്ഞിരുന്നു. എല്ലാ ഭരണകൂടത്തിലും നല്ലതും ചീത്തയുമായ ആളുകളുണ്ടാകും. കുറ്റക്കാര്‍ ശിക്ഷിക്കണമെന്നും സിദ്ദു പറഞ്ഞിരുന്നു.
ഇതേതുടര്‍ന്ന് സമൂഹ്യമാധ്യമങ്ങളില്‍ സിദ്ദുവിനെതിരെ വലിയ പ്രചാരണമാണ് നടന്നത്. കപില്‍ ശര്‍മ്മ ഷോയില്‍ നിന്ന് സിദ്ദുവിനെ പുറത്താക്കണമെന്നായിരുന്നു ആവശ്യം. സിദ്ദുവിന്റെ പരാമര്‍ശം എല്ലാവര്‍ക്കും യോജിക്കാനാവുന്നതല്ലെന്നും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ചാനലിനെയും ഷോയെയും ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് തള്ളിവിടുന്നതുകൊണ്ട് സിദ്ദുവിനെ ഒഴിവാക്കുകയാണെന്നാണ് സോണി ടെലിവിഷന്റെ വിശദീകരണം.
സിദ്ദുവിന് പകരം അര്‍ച്ചന പുരന്‍ സിംഗിനെ പരിപാടിയില്‍ ഉള്‍പ്പെടുത്താനാണ് ചാനല്‍ അധികൃതരുടെ തീരുമാനം.