ന്യുദല്‍ഹി- ജമ്മു കശ്മീരില്‍ 45 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിനു കാരണമായി എന്നു സംശിക്കപ്പെടുന്ന പ്രോട്ടോകോള്‍, ഇന്റലിജന്‍സ് വീഴ്ചകള്‍ സംബന്ധിച്ച് അന്വേഷണമാരംഭിച്ചു. ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍.ഐ.എ) പുറമെ രാജ്യത്തെ ഏറ്റവും കരുത്തുറ്റ ഭീകര വിരുദ്ധ കമാന്‍ഡോ സേനയായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍.എസ്.ജി) സംഘവും പുല്‍വാമയിലേക്കു തിരിച്ചിട്ടുണ്ട്. സുരക്ഷാ പ്രോട്ടോകോല്‍ പാലിക്കുന്നതിലും മുന്നറിയിപ്പ് കണക്കിലെടുക്കുന്നതിലും പാളിച്ചകള്‍ ഉണ്ടായി എന്ന വ്യാപക ആക്ഷേപം നിലനില്‍ക്കെയാണ് അന്വേഷണ സംഘങ്ങള്‍ പുല്‍വാമയിലെത്തുന്നത്.
ഒരേ സമയം 2500-ലേറെ ജവാന്‍മാരെ റോഡു മാര്‍ഗം കൊണ്ടു പോകുന്നതിനിടെ സൈനിക വാഹന വ്യൂഹത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണം ഏറെ പേരുടെ മരണം ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് വ്യക്തമാണ്. 78 കവചിത വാഹനങ്ങളിലാണ് കേന്ദ്ര റിസര്‍വ് പൊലീസ് സേന (സി.ആര്‍.പി.എഫ്) ജവാന്‍മാരെ കൊണ്ടു പോയിരുന്നത്. ആക്രമണത്തിന്റെ രണ്ടു ദിവസം മുമ്പ് ഭീകര സംഘടനയായ ജെയ്ഷ് ഒരു വിഡിയോ മുന്നറിയിപ്പ് നല്‍കുകയും കശ്മീരില്‍ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിഡിയോ ജമ്മു കശ്മീര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് ബന്ധപ്പെട്ടവര്‍ക്ക് കൈമാറുകയും ആക്രമണ സാധ്യത ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെ ആക്രമണ സാധ്യത കണക്കിലെടുക്കാതെ 2500-ലേറെ ജവാന്‍മാരെ ഹൈവേ മാര്‍ഗം വാഹനങ്ങളില്‍ പകല്‍ സമയത്ത് കൊണ്ടു പോയതു സംബന്ധിച്ചാണ് ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ സുരക്ഷ മുന്‍ നിര്‍ത്തി സൈനികരെ വിമാന മാര്‍ഗമാണ് എത്തിക്കാറുള്ളത്. എന്നാല്‍ ഇവിടെ വന്‍ സൈനിക സംഘത്തെ ഒന്നിച്ചു റോഡു മാര്‍ഗം കൊണ്ടുപോകുകയാണ് ചെയ്തത്.
അവധികഴിഞ്ഞെത്തിയ ജവാന്‍മാരെ വിന്യാസത്തിനു മുമ്പ് ശ്രീനഗറിലേക്കു കൊണ്ടു പോകുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ജമ്മുവില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 3.30-നാണ് വാഹന വ്യൂഹം യാത്രയാരംഭിച്ചത്. വൈകുന്നേരം മൂന്നു മണിയോടെ പുല്‍വാമയിലെ അവന്തിപോറയില്‍ സ്വദേശിയും ജയ്ഷ് ഭീകരനുമായ ആദില്‍ അഹമദ് ധര്‍ കാറില്‍ സ്‌ഫോടക വസ്തുക്കളുമായി കാത്തിരിക്കുകയായിരുന്നു. മാരക പ്രഹരശേഷിയുള്ള ആര്‍ഡിഎക്‌സ് 60 കിലോ ആദിലിന്റെ എസ്.യു.വിയില്‍ ഉണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ട്. ഇത്രയധികം ആര്‍ഡിഎക്‌സ് എങ്ങനെ ആദിലിന്റെ കയ്യിലെത്തി, ഇതു ലഭിക്കാന്‍ ആരാണു സഹായിച്ചത് എന്നതും ആക്രമണത്തിന്റെ ശബ്ദകോലാഹലങ്ങള്‍ക്കിടെ മുങ്ങിപ്പോയ ചോദ്യങ്ങളായി.
ആക്രമി സൈനിക വാഹന വ്യൂഹത്തെ ഓവര്‍ടേക്ക് ചെയ്താണ് കയറിയത്. ജവാന്‍മാര്‍ തിങ്ങി നിറഞ്ഞ രണ്ടു ബസുകള്‍ കണ്ടതോടെ തന്റെ കാര്‍ ഒരു ബസിനോട് ചേര്‍ത്ത് ബോംബ് പൊട്ടിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു ബസ് പൂര്‍ണമായും തകര്‍ന്നു തരിപ്പണമായി. രണ്ടു ബസുകള്‍ ഒന്നിച്ചു നീങ്ങിയിട്ടുണ്ടെങ്കില്‍ അത് വലിയ ചട്ട ലംഘനമാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജിയര്‍ പ്രകാരം വാഹന വ്യൂഹത്തിലെ രണ്ടു വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണം. അപകടമുണ്ടായാല്‍ ആഘാതം കുറക്കാനാണിത്.
ഇവര്‍ സഞ്ചരിച്ചിരുന്ന പാത സിആര്‍പിഎഫ് ബസുകള്‍ നീക്കത്തിനായി സുരക്ഷിതമാക്കുകയും ചെയ്തിരുന്നു. എന്നിട്ടും ആക്രമണം നടത്താന്‍ വാഹനവുമായി ഭീകരന് എങ്ങിനെ റോഡില്‍ കയറാനായി എന്ന ചോദ്യവും ബാക്കിയാണ്. മാസങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ആക്രമണമാണിതെന്നാണ് സൈനിക വൃത്തങ്ങള്‍ വിലയിരുത്തുന്നത്.