ന്യുദല്‍ഹി- ഇന്ത്യയുടെ ഏറ്റവും വേഗത ഏറിയ ട്രെയിന്‍ വന്ദേ ഭാരത് എക്സ്പ്രസ് കന്നി ഓട്ടത്തില്‍ തന്നെ പണിമുടക്കി. കഴിഞ്ഞ ദിവസം പ്രധാനന്ത്രി നരേന്ദ്ര മോഡി ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഫ്ളാഗ് ഓഫ് ചെയ്ത ഈ എഞ്ചിന് രഹിത ഇലക്ട്രിക് ട്രെയ്ന്‍ അവസാന സ്റ്റേഷനായ യുപിയിലെ വരാണസിയിലെത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് നിന്നത്. വാരാണസിയില്‍ നിന്ന് പുറപ്പെട്ട് 200 കിലോമീറ്റര്‍ പിന്നിട്ടപ്പോഴായിരുന്നു ഇത്. ട്രെയ്ന്‍ നിയന്ത്രണ സംവിധാനത്തില്‍ തകരാറ് സംഭവിച്ചതായി എഞ്ചിനീയര്‍മാര്‍ പറഞ്ഞു. ഇത് ഇപ്പോള്‍ പൂര്‍ണമായും ശരിയാക്കാനാവില്ല. താല്‍ക്കാലികമായി ശിരയാക്കിയാല് തന്നെ ട്രെയ്നിന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ അധികം എടുക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. വണ്ടി നിന്നതിനു പുറമെ ട്രെയ്നിലെ വെള്ളവും തീര്‍ന്നു. ഇതോടെ കന്നിയാത്രയ്ക്കായി ട്രെയ്നില്‍ ഉണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ മറ്റു ട്രെയ്നുകളിലേക്കു മാറ്റി.
ഞായറാഴ്ച മുതല്‍ പൂര്‍ണ തോതില്‍ വാണിജ്യ സര്‍വീസുകള്‍ തുടങ്ങാനിരിക്കെയാണ് ഏറെ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച അതിവേഗ ട്രെയ്ന്‍ പണി മുടക്കിയത്. ഇതോടെ സര്‍വീസ് അനിശ്ചിതത്വത്തിലായി. മണിക്കൂറില്‍ 180 കിലോമീറ്ററാണ് ഈ ട്രെയ്നിന്റെ പരമാവധി വേഗത. കഴിഞ്ഞ ദിവസം കന്നിയോട്ടത്തില്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടി. എന്നാല്‍ തകരാറ് സംഭവിച്ചതോടെ ഒച്ചിഴയും വേഗത്തിലായി ഓട്ടം. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയില്‍ ഓടിയാണ് അവസാനം ട്രെയ്ന്‍ നിന്നത്. നിയന്ത്രണ സംവിധാനത്തിലെ തകരാറു മൂലം ട്രെയ്നിന്റെ എസി സംവിധാനത്തിന്റെ പ്രവര്‍ത്തനവും അവതാളത്തിലായി.
പൂര്‍ണമായും ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ചതാണ് ഈ ട്രെയ്ന്‍. 16 എസി കോച്ചുകളുള്ള ഈ ട്രെയ്ന്‍ ദല്‍ഹിയില്‍ നിന്ന് വരാണസിയിലേക്ക് ഒമ്പത് മണിക്കൂര്‍ 45 മിനിറ്റ് സമയം കൊണ്ട് ഓടിയെത്തുമെന്നായിരുന്നു വാഗ്ദാനം.