പുതുച്ചേരി- ഭരണഘടനാപരമായി ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ത്ത് തടസ്സമുണ്ടാക്കുന്നുവെന്നാരോപിച്ച് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയും മന്ത്രിമാരും ലെഫ്റ്റനന്റ് ഗവര്‍ണ കിരണ്‍ ബേദിക്കെതിരെ പ്രതിഷേധവുമായി തെരുവില്‍. ബേദിയുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നയിക്കുന്ന മുഖ്യമന്ത്രി തെരുവില്‍ അന്തിയുറങ്ങുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ചെറിയൊരു ഇടവേള എടുത്ത ശേഷം മുഖ്യമന്ത്രി രാജ് നിവാസിനു മുന്നില്‍ ധര്‍ണ തുടരുകയാണ്. രാജ് നിവാസിലേക്കുള്ള എല്ലാ വഴികളും തടഞ്ഞാണ് പ്രതിഷേധം.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭരണത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അടുപ്പിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആരോപണം. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഗവര്‍ണര്‍ ബേദി ഉത്തരവിറക്കിയതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയത്. ഈ ഉത്തരവ് നടപ്പിലാക്കാന്‍ ബേദി തന്നെ നേരിട്ട് തെരുവിലിറങ്ങുകയും നിയമം പാലിക്കാതെ ബൈക്കോടിക്കുന്നവരെ പിടികൂടുകയും ചെയ്തിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുകയാണെന്നും ഇത് ജനങ്ങള്‍ക്ക് വലിയ അസൗകര്യമുണ്ടാകകുന്നുണ്ടെന്നും നാരായണസ്വാമി ആരോപിക്കുന്നു. 'ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നടപ്പിലാക്കാന്‍ ഗവര്‍ണര്‍ ഒരു പോലിസ് കോണ്‍സ്റ്റബിളിനെ പോലെ റോഡിലിറങ്ങിയിരിക്കുകയാണ്. ഇത് പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നുണ്ട്. എല്ലാവരും ഹെല്‍മെറ്റ് ധരിക്കണമെന്നു തന്നെയാണ് സര്‍ക്കാരും പറയുന്നത്. എന്നാല്‍ ഇത് ഒറ്റ ദിവസം കൊണ്ടു വേണ്ട, പടിപടിയായി നടപ്പിലാക്കിയാല്‍ മതിയെന്നാണ് ഞങ്ങള്‍ പറയുന്നത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ തന്റെ പദവിക്ക് യോജിക്കുന്ന പ്രവര്‍ത്തനമല്ല നടത്തുന്നത്,' നാരായണസ്വാമി പറഞ്ഞു. ഗവര്‍ണറുടെ ഉത്തരവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഹെല്‍മെറ്റ് എറിഞ്ഞ് പൊട്ടിച്ച് രോഷപ്രകടനം നടത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
എന്നാല്‍ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഹെല്‍മെറ്റ് ധരിക്കണമെന്ന നിയമം നടപ്പിലാക്കുന്നതിനെതിരെയാണ് ഈ ജനപ്രതിനിധികള്‍ സമരം ചെയ്യുന്നത്. ഇവര്‍ നിയമനിര്‍മ്മാണം നടത്തുന്നവരോ അതോ നിയമം ലംഘിക്കുന്നവരോ? എന്നായിരുന്നു ബേദിയുടെ പ്രതികരണം. ബൈക്കപടകങ്ങളില്‍ തലയ്ക്ക് പരിക്കേറ്റ് കൊല്ലപ്പെട്ടവരുടേയും ഇനി കൊല്ലപ്പെടാന്‍ പോകുന്നവരുടേയും ഉത്തരവാദിത്തം ഇവരേറ്റെടുക്കുമോ എന്നും ബേദി ചോദിച്ചു. ഇവര്‍ ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.