Sorry, you need to enable JavaScript to visit this website.

മുന്‍ സിബിഐ മേധാവി നാഗേശ്വര റാവുവിനെ സുപ്രീം കോടതി ഒരു ലക്ഷം രൂപ പിഴയിട്ട് മൂലയ്ക്കിരുത്തി

ന്യുദല്‍ഹി- കോടതിയലക്ഷ്യ കുറ്റത്തിന് സിബിഐ മുന്‍ ഇടക്കാല മേധാവി നാഗേശ്വര റാവുവിന് സുപ്രീം കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. ഇന്ന് കോടതി നടപടികള്‍ അവസാനിക്കും വരെ വരെ പുറത്തു പോകാതെ കോടതിമുറിയുടെ മൂലയ്ക്കിരിക്കാനും കോടതി നിര്‍ദേശിച്ചു. റാവുവിന്റെ നിയമോപദേശകനും കോടതി ഒരു ലക്ഷം രൂപ പിഴയിട്ടു. ബിഹാറിലെ മുസഫര്‍പൂരില്‍ ബിജെപി ബന്ധമുള്ള ഒരു ഉന്നതന്‍ നടത്തുന്ന പെണ്‍കുട്ടികളുടെ സംരക്ഷ കേന്ദ്രത്തില്‍ ലൈംഗിക പീഡനം നടന്ന സംഭവം അന്വേഷിക്കുന്ന സിബിഐ ജോയിന്റ് ഡയറക്ടര്‍ എ.കെ ശര്‍മയെ സ്ഥലം മാറ്റിയതിനാണ് നാഗേശ്വര റാവുവിനെ ശിക്ഷിച്ചത്. ശര്‍മയെ സ്ഥലംമാറ്റരുതെന്ന് വ്യക്തമാക്കി നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതു ലംഘിച്ചതിനാണ് നാഗേശ്വര റാവുവിനെ കോടതി ശിക്ഷിച്ചത്. റാവു മാപ്പു പറഞ്ഞെങ്കിലും അതു തള്ളിയാണ് ശിക്ഷ വിധിച്ചത്. 

മുസഫര്‍പൂര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കോടതിയുടെ നുമതി ഇല്ലാതെ സ്ഥലം മാറ്റരുതെന്ന് വ്യക്തമാക്കി സുപ്രീം കോടതി രണ്ടു തവണ ഉത്തരവിട്ടിട്ടുണ്ട്. ഇത് റാവു ലംഘിച്ചത് കോടതിയലക്ഷ്യമാണ്. നാഗേശ്വര റാവുവിന്റെ കരിയറില്‍ ഇതൊരു പോരായ്മയാകും- കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. 32 വര്‍ഷത്തെ റാവുവിന്റെ മികച്ച സേവനവും അദ്ദേഹത്തിന്റെ മാപ്പപേക്ഷയും പരിഗണിച്ച് കോടതി ദയ കാണിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. റാവു ചെയ്തത് ഗുരുതരമായ കോടതിയലക്ഷ്യമാണെന്നും വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞിരുന്നു.

സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയും ഉപമേധാവി രാകേഷ് അസ്താനയും തമ്മിലുള്ള പോര് രൂക്ഷമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെട്ടാണ് നേരത്തെ നാഗേശ്വര റാവുവിനെ ഇടക്കാല മേധാവിയായി സര്‍ക്കാര്‍ നിയമിച്ചത്. ഈ നിയമനം നേരത്തെ സുപ്രീം കോടതി റദ്ദാക്കുകയും വര്‍മയെ പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്കു ശേഷം വര്‍മ പദവിയൊഴിഞ്ഞു.
 

Latest News