ബെയ്ജിംഗ്- ചൈനീസ് ക്യാമ്പുകളിലേക്ക് പിടിച്ചുകൊണ്ടുപോയ ശേഷം അപ്രത്യക്ഷരായ തങ്ങളുടെ ബന്ധുക്കളുടെ വിഡിയോകള്‍ പോസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉയിഗൂര്‍ മുസ്ലിംകള്. ചൈനീസ് പട്ടാളം കൊലപ്പെടുത്തിയെന്ന് കരുതപ്പെടുന്ന ഉയിഗൂര്‍ സംഗീതജ്ഞന് അബ്ദുറഹീം ഹെയ്തിയുടെ വിഡിയോയുമായി അധികൃതര്‍ രംഗത്തുവന്നതിനെ തുടര്‍ന്നാണ് ഉയിഗൂറുകള്‍ സമൂഹ മാധ്യമങ്ങളില്‍ കാമ്പയിന് തുടങ്ങിയത്.
സിന്‍ജിയാങ് മേഖലയിലെ പത്ത് ലക്ഷത്തോളം ഉയിഗൂര്‍ വംശജരാണ് ചൈനീസ് ക്യാമ്പുകളില്‍ തടങ്കലില്‍ കഴിയുന്നത്. ഈ ക്യാമ്പുകള്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങളാണെന്നും ഉയിഗൂറുകള്‍ക്ക് പുറമെ കസാഖുകളും ഇവിടെയുണ്ടെന്നുമാണ് ചൈനീസ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
ഉയിഗൂറുകളോട് ചൈന സ്വീകരിച്ചിരിക്കുന്ന രീത മാനുഷികതക്ക് തന്നെ ലജ്ജാകരമാണെന്ന് തുര്‍ക്കി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. സംഗീതജ്ഞന് ഹെയ്തി ക്യാമ്പില്‍ കൊല്ലപ്പെട്ടുവെന്ന് തുര്‍ക്കി ആരോപിച്ചതിനു പിന്നാലെയാണ് നിഷേധവുമായി ചൈനീസ് അധികൃതര്‍ രംഗത്തുവന്നത്.