ന്യൂദല്‍ഹി- റഫാല്‍ ഇടപാടില്‍ ആരെങ്കിലും ഒരാള്‍ കുറ്റകാരനാണെങ്കില്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോഡി മാത്രമാണെന്ന് കോണ്‍ഗ്രസ്. ലോക്പാല്‍ നിയമനം വൈകിപ്പിക്കുന്നതും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിക്കാന്‍ വിമൂഖത കാണിക്കുന്നതും റഫാല്‍ ഇടപാടിലെ മോഡിയുടെ പങ്ക് പുറത്തുവരും എന്നത് കൊണ്ടാണെന്നും കോണ്‍ഗ്രസ് നേതാവ് എം.വീരപ്പ മൊയ്‌ലി ലോക്‌സഭയില്‍ പറഞ്ഞു.
റഫാല്‍ ഇടപാട് ദിനം പ്രതി ഇരുളടഞ്ഞ് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയും രാജ്യസഭയും നടപടികള്‍ ആരംഭിച്ച് 10 മിനിറ്റിനകം തന്നെ ഉച്ചവരെ നിര്‍ത്തിവെച്ചു. ലോക്‌സഭയില്‍, കര്‍ണാടകയിലെ ബി.ജെ.പിയുടെ കുതിരക്കച്ചവടം ആരോപിച്ചാണ് കോണ്‍ഗ്രസ് സഭാ നടപടികള്‍ തടസ്സപ്പെടുത്തിയത്. സഭ ആരംഭിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്റിന് പുറത്തെ ഗാന്ധ പ്രതിമയ്ക്ക് മുന്‍പില്‍ പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിച്ചിരുന്നു. സഭ തുടങ്ങിയതോടെ സഭക്കകത്തും പ്രതിഷേധം തുടര്‍ന്നു. ഇതോടെ, സഭ 12 മണിവരെ നിര്‍ത്തിവെച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പി അംഗങ്ങളും സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിച്ചു.