മാള്‍ഡ- ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ തീയിട്ട് കൊലപ്പെടുത്തിയ പശ്ചിമ ബംഗാളിലെ മാള്‍ഡ സ്വദേശി അഫ്രസുല്‍ ഖാന്റെ കുടുംബത്തിന് സോളിഡാരിറ്റി നിര്‍മിച്ചുകൊടുക്കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മം അഫ്രസുല്‍ ഖാന്റെ വിധവ ഗുല്‍ബഹര്‍ നിര്‍വഹിച്ചു. അഫ്രസുല്‍ കൊല്ലപ്പെട്ടയുടന്‍ കഴിഞ്ഞ വര്‍ഷം മാള്‍ഡയലെ വീട് സന്ദര്‍ശിച്ച സോളിഡാരിറ്റി കേരള പ്രസിഡന്റ് പി.എം സാലിഹും ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂരും വീട് നിര്‍മാണത്തിന് ആവശ്യമായ തുകയുടെ ചെക്ക് കൈമാറിയിരുന്നു. അന്ന് കുടുംബവുമായി ചര്‍ച്ച ചെയ്തപ്പോള്‍ നിലവിലെ കുടുംബ വീടിന്റെ മുകളില്‍ അഫ്രസുലിന്റെ കുടുംബത്തിന് വീടൊരുക്കാമെന്നായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് അത് സാധ്യമല്ലെന്ന് സോളിഡാരിറ്റിയുടെ മാള്‍ഡയിലുള്ള പ്രതിനിധികള്‍ അറിയിച്ചു.
തുടര്‍ന്ന് കുടുംബ വീടിന് അടുത്തുതന്നെ കുറച്ച് സ്ഥലം സംഘടിപ്പിക്കാനാണ് തീരുമാനിച്ചത്. തുടര്‍ച്ചയായി ശ്രമങ്ങള്‍ക്കൊടുവില്‍ അഞ്ച് സെന്റോളം സ്ഥലം കണ്ടെത്തി. സോളിഡാരിറ്റി അത് വാങ്ങി അഫ്രസുലിന്റെ ഭാര്യയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. അഫ്രസുലിന്റെ കുടുംബത്തിന് മാത്രമായി സ്ഥലവും വീടുമെന്ന സ്വപ്‌നമാണ് ഇപ്പോള്‍ പൂവണിയുന്നത്. സോളിഡാരിറ്റിയുടെ മാള്‍ഡയിലെ പ്രതിനിധികളും അഫ്രസുലിന്റെ കുടുംബവും തറക്കല്ലിടലിന് സാക്ഷികളായി.