മുംബൈ- ഗാന്ധി കുടുംബത്തേയും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനേയും മോശമായി ചിത്രീകരിച്ച ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ജീവചരിത്ര സിനിമയിക്കു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കഥയുമായി മൈ നെയിം ഇസ് രാഗ റിലീസിനൊരുങ്ങുന്നു. ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മലയാളിയായ രൂപേഷ് പോള്‍ സംവിധാന ചെയ്ത ഈ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ഇതു രാഹുലിനെ മഹത്വവല്‍ക്കരിക്കാനോ താഴ്ത്തിക്കെട്ടാനോ ഉദ്ദേശിച്ചുള്ള സിനിമയല്ലെന്ന് പോള്‍ പറയുന്നു. നിരന്തരം ആക്രമിക്കപ്പെട്ട ഒരു വ്യക്തിയുടെ വിജയകഥയാണിത്. പരാജയങ്ങളോടും തോല്‍വികളോടും നിര്‍ഭയമായി പൊരുതിയ ആരുമായും ഈ ചിത്രത്തെ ബന്ധിപ്പിക്കാം. ഈ അര്‍ത്ഥത്തില്‍ ഇതിനെ ഒരു ജീവചരിത്ര സനിമയെന്ന് വിശേഷിപ്പിക്കില്ല. ദുരന്തപൂര്‍ണമായ ഒരു ജീവതത്തിനുമേല്‍ വിജയം നേടിയ ശേഷം പിന്നീട് അനിഷേധ്യനായി മാറിയ ഒരു വ്യക്തിയുടെ കഥയാണിത്- രൂപേഷ് പറയുന്നു.
ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരെല്ലാം ഈ ചിത്രത്തിലും കഥാപാത്രങ്ങളായി വരുന്നുണ്ട്. ഇന്ദിരയ്ക്കു വെടിയേല്‍ക്കുന്ന രംഗവും ഈ ചിത്രത്തില്‍ പുനസൃഷ്ടിച്ചിരിക്കുന്നു.
പി.എം നരേന്ദ്ര മോഡി എന്ന പേരില്‍ പ്രധാനമന്ത്രി മോഡിയുടെ ജീവചരിത്ര സിനിമ ബോളിവുഡ് നടന്‍ വിവേക് ഒബ്രോയ് നായകനായി അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് മൈ നെയിം ഈസ് രാഗയുടെ വരവ്. കഴിഞ്ഞ മാസമാണ് ഈ ചിത്രം പ്രഖ്യാപിച്ചത്. മുന്‍ പ്രധാനന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിതം പറഞ്ഞ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ബിജെപി അനുകൂല പ്രൊപഗണ്ട സിനിമയാണെന്ന ആക്ഷേപം നേരിട്ടിരുന്നു. ബിജെപിയേയും മോഡിയേയും പരസ്യമായി അനുകൂലിക്കുന്ന നടന്‍ അനുപം ഖേര്‍ ആയിരുന്നു ഈ ചിത്രത്തിലെ നായക കഥാപാത്രമായി മന്‍മോഹനെ അവതരിപ്പിച്ചത്.