ഹൈദരാബാദ്- പ്രധാനന്ത്രി നരേന്ദ്ര മോഡിയുടെ ദക്ഷിണേന്ത്യന്‍ പര്യടനത്തിനു മുന്നോടിയായി ട്വിറ്ററില്‍ മോഡി വിരുദ്ധ മുദ്രാവാക്യങ്ങള്‍ വൈറലായി. #GoBackModi, #GoBackSadistModi എന്നീ ഹാഷ് ടാഗുകള്‍ ട്രെന്‍ഡിങില്‍ മുന്നിലെത്ത്. ഗോ ബാക്ക് മോഡി ഹാഷ് ടാഗ് ഒരു വേള ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുമെത്തി. ഇപ്പോള്‍ രണ്ടാമതാണ്. ആന്ധ്രയില്‍ ഞായറാഴ്ച നടക്കുന്ന റാലിക്കെത്തുന്ന മോഡിയെ വരവേല്‍ക്കാന്‍ ഹൈവേകളുടെ ഓരങ്ങളില്‍ മോഡി നോ എന്‍ട്രി എന്നെഴുതിയ കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുകയാണ്. ഇവയുടെ ചിത്രങ്ങളാണ് മോഡി ഗോ ബാക്ക് വിളികളോടെ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്.
No More Modi, Modi is a Mistake, Modi Never Again തുടങ്ങിയ വാചകങ്ങള്‍ക്കൊപ്പം മോഡി തലതാഴ്ത്തി നില്‍ക്കുകയും ആളുകള്‍ മോഡിയെ ആട്ടിപ്പായിക്കുന്ന കാരിക്കേച്ചറുകളുമാണ് കുറ്റന്‍ പരസ്യ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാണ് ഈ ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന് വ്യക്തമായിട്ടില്ല. മോഡി വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ചൂടു പകരാന്‍ ഗാന്ധിയന്‍ സമരമുറകളുമായി രംഗത്തിറങ്ങാന്‍ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു തന്റെ പാര്‍ട്ടി അണികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഞായറാഴ്ച കരിദിനമാണെന്നും പ്രധാനമന്ത്രിയുടെ വരവ് അദ്ദേഹം ആന്ധ്ര പ്രദേശിനോട് ചെയ്ത് അനീതി കാണാനാണെന്നും നായിഡു പറഞ്ഞു. സംസ്ഥാനങ്ങലേയും ഭരണഘടനാ സ്ഥാപനങ്ങളേയും മോഡി ദുര്‍ബലപ്പെടുത്തുകയാണെന്നും നായിഡു പറഞ്ഞു.
ആന്ധ്രയിലുടനീളം ടിഡിപി പ്രവര്‍ത്തകര്‍ മോഡി വിരുദ്ധ റാലികളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കറുപ്പ് വസ്ത്രങ്ങള്‍ അണിഞ്ഞും കറുത്ത ബലൂണുകള്‍ പറത്തിയുമാണ് പ്രതിഷേധ സമരങ്ങള്‍.
ഗുണ്ടൂരിനടുത്ത എടുകുരു ബൈപാസ് റോഡില്‍ പ്രജ ചൈതന്യ സഭ എന്ന പേരില്‍ നടക്കുന്ന റാലിയിലാണ് മോഡി പങ്കെടുക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ പദ്ധതികളുടെ ഉല്‍ഘാടനം നിര്‍വഹിക്കാനാണ് മോഡി എത്തുന്നത്.