ജേക്കബ് സുമ ദുബായില്‍ രണ്ടാം വീടിന്
ശ്രമിച്ചതിന് കൂടുതല്‍ തെളിവ്
ഫ് ളാറ്റ് സ്വന്തമാക്കാന്‍
ജേക്കബ് സുമയുടെ മകനെ സഹായിച്ചത് ഗുപ്ത കുടുംബം
കേപ്ടൗണ്‍- ദക്ഷിണാഫ്രിക്കയില്‍ നിര്‍ണായക ഭരണ കാര്യങ്ങള്‍ ഇന്ത്യന്‍ സമ്പന്ന കുടുംബത്തിന് ഏല്പിച്ചുകൊടുത്തുവെന്ന ആരോപണം നേരിടുന്ന പ്രസിഡന്റ് ജേക്കബ് സുമക്കു വേണ്ടി ദുബായിലെ അംബരചുംബിയായ ബുര്‍ജ് ഖലീഫയില്‍ മകന് ഡുഡുസാനെ ഫ് ളാറ്റ് വാങ്ങിയതും വിവാദത്തില്‍.
സ്വന്തം പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അവിശ്വാസ പ്രമേയം അതിജീവിക്കാനായെങ്കിലും സമ്പന്ന ഗുപ്ത കുടുംബം ഭരണത്തിലിടപെടുന്നുവെന്ന് തെളിയിക്കുന്ന ഇ-മെയിലുകള്‍ ജേക്കബ് സുമക്ക് പുതിയ വെല്ലുവിളി സൃഷ്ടിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ കാബിനറ്റ് മന്ത്രിമാരെ നിയന്ത്രിക്കുന്നതും സര്‍ക്കാര്‍ നയങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുന്നതും ഗുപ്ത കുടുംബമാണെന്ന് തെളിയിക്കുന്നതാണ് ഇ-മെയിലുകള്‍. ഖനി വിഭവ മന്ത്രിയായി മോസെബെന്സി സ്വാനെയെ നിയമിക്കുന്നതിനു മുമ്പ് പ്രസിഡന്റ് ജേക്കബ് സുമ ഗുപ്ത കുടുംബവുമായി ആലോചിച്ചിരുന്നു. ഈയിടെ ധനമന്ത്രി സ്ഥാനം നഷ്ടപ്പെട്ട ഡെസ് വാന്‍ റൂയന് ദുബായ് യാത്ര നടത്തിയത് ഗുപ്ത കുടുംബത്തിന്റെ ഫുള്‍ ചെലവിലാണെന്ന് തെളിയിക്കുന്നതാണ് മറ്റൊരു ഇ-മെയില്‍.
ലോകത്തെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയില്‍ രണ്ടു വര്‍ഷം മുമ്പാണ് ജേക്കബ് സുമയുടെ മകന് ഡുഡുസാനെ 18 ദശലക്ഷം സൗത്ത് ആഫ്രിക്കന്‍ റാന്‍ഡ് നല്കി സ്വന്തമാക്കിയത്. ഇതിനു പൂര്‍ണ സഹായം നല്‍കിയത് ഗുപ്ത കുടുംബമാണെന്നാണ് ചോര്‍ന്ന ഇ മെയിലുകള്‍ വ്യക്തമാക്കുന്നത്.
സുമയും കുടുംബവും യു.എ.ഇയില്‍ താമസിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതിനു ഏതാനും മാസം മുമ്പാണ് ഈ ഇടപാട് നടന്നത്.
ദുബായില്‍ താമസ വിസ നേടുന്നതിന് ജേക്കബ് സുമ സമര്‍പ്പിച്ച അപേക്ഷ സഹിതം സണ്‍ഡേ ടൈംസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന മുറവിളി ശക്തമായപ്പോള്‍ ദുബായിലേക്ക് മാറാന്‍ പദ്ധതിയില്ലെന്നും ഇങ്ങനെയൊരു കത്തെഴുതിയിട്ടില്ലെന്നും ജേക്കബ് സുമ വ്യക്തമാക്കിയിരുന്നു.
ടോണി ഗുപ്തയും ഗുപ്ത കമ്പനി സഹാറ സി.ഇ.ഒ അഷു ചൗളയും ഡുഡുസാനേയും തമ്മില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടത്തിയ ഇമെയിലുകളുടെ വിഷയം ജെസെഡ് ലെറ്റര്‍ ടു ക്രൗണ്‍ പ്രിന്‍സ് എയുഎച്ച്, ജെസെഡ് ലെറ്റര്‍ ടു ശൈഖ് മുഹമ്മദ് എന്നായിരുന്നു. ദുബായ് രണ്ടാം വീടായി സ്വീകരിക്കാന്‍ ജേക്കബ് സുമ തയാറായെന്നാണ് അദ്ദേഹത്തിനു വേണ്ടി അയച്ച ഇ മെയിലുകള്‍ വ്യക്തമാക്കുന്നത്.
ഗുപ്ത ഫാമിലിയോടൊപ്പം ഡുഡുസാനേക്ക് ഉടമസ്ഥാവകാശമുള്ള വെന്‍സ് ഹോള്‍ഡിംഗ്സ് ലിമിറ്റഡാണ് 50 ലക്ഷം യു.എ.ഇ ദിര്‍ഹം നല്കി ബുര്‍ജ് ഖലീഫയില്‍ അപ്പാര്‍ട്ട്മെന്റ് വാങ്ങിയത്.
ഊര്‍ജ, മീഡിയ മേഖലകളിലടക്കം നിക്ഷേപമുള്ള ഗുപ്ത കുടുംബം 1993 ലാണ് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയത്. രാജ്യത്ത് ജനാധിപത്യാടിസ്ഥാനത്തില്‍ തെരഞ്ഞടുപ്പ് നടക്കുന്നതിനു ഒരു വര്‍ഷം മുമ്പായിരുന്നു അത്. സഹാറ കംപ്യൂട്ടേര്‍സ്, സഹാറ സിസ്റ്റംസ് എന്നിവയായിരുന്നു ആദ്യ സംരംഭങ്ങള്‍. യുേറാനിയം, സ്വര്‍ണ ഖനനത്തില്‍ നിക്ഷേപം നടത്തിയ ഗുപ്ത കമ്പനി ടി.എന്‍.എ മീഡിയയിലൂടെ മാധ്യമ രംഗത്തും സ്ഥാനമുറപ്പിച്ചു.